ലോകം കൊറോണ വൈറസന് മുന്നിൽ പകച്ച് നിൽക്കുമ്പോൾ ചൈനയിൽ വീണ്ടും ഭീതിപരത്തി പുതിയൊരു വൈറസ്. ഹാൻ്റ എന്ന പുതിയ വൈറസ് രോഗബാധയാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുന്നാൻ പ്രവിശ്യയിൽ ഹാൻറ വൈറസ് ബാധ സ്ഥിരീകരിച്ചയാൾ ചൊവ്വാഴ്ച മരിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന 32 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. കൊറോണ വൈറസിന് പിന്നാലെ മഹാമാരി ഉണ്ടാക്കാൻ തയ്യാറായ മറ്റൊരു വൈറസാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ അത്ര ഭയക്കേണ്ട ഒന്നല്ല ഈ വൈറസ്. മരണസാദ്ധ്യത ഉണ്ടെങ്കിലും കൊറോണയെപ്പോലെ പകർച്ച വ്യാധിയായി പകരുന്നവയല്ല ഇതെന്നതാണ് കണ്ടെത്തൽ.
എലികളും അണ്ണാനും ഉൾപ്പെടുന്ന മൂഷികവർഗത്തിൽപ്പെട്ട ജീവികളാണ് ഈ വൈറസിന്റെ ഉറവിടം. നല്ല ആരോഗ്യമുള്ളവർക്കും ഈ വൈറസ് ബാധയുണ്ടാവാൻ സാദ്ധ്യതയേറെയാണ്. അതേസമയം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേയ്ക്ക് ഈ വൈറസ് പകരില്ലെന്നാണ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നത്.
