ചൈനയിലെ വുഹാനില്‍ നിന്നെത്തിയ കോവിഡ് 19 വൈറസ് ലോകത്ത് പടര്‍ന്ന് പിടിക്കുന്നതോടൊപ്പം നിരവധി തവണ ജനിതക മാറ്റം സംഭവിക്കുന്നതും കോവിഡിനെതിരായ ഗവേഷകരുടെ പോരാട്ടത്തിന് വിലങ്ങുതടിയാകുന്നു. ആദ്യം പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ വകഭേദമല്ല പിന്നീട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടര്‍ന്ന് പിടിച്ചത്. ഇന്ത്യയിലെത്തിയപ്പോഴും നിരവധി ജനിതക വകഭേദങ്ങള്‍ കൊറോണയ്ക്കുണ്ടായെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ പുതുതായി 73 ജനിതക വകഭേദങ്ങള്‍ കൂടി കൊറോണ വൈറസിന് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഒരു കൂട്ടം ഗവേഷകര്‍.
ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെയും ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 752 ക്ലിനിക്കല്‍ സാംപിളുകള്‍ ഉള്‍പ്പെടെ 1536 സാംപിളുകളില്‍ സീക്വന്‍സിങ്ങ് നടത്തിയാണ് ഗവേഷണ സംഘം ഈ വകഭേഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.B1.112,B.1.99 എന്നീ രണ്ട് ലൈനേജുകളും ഇതാദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കുന്നു.
നോവല്‍ കൊറോണ വൈറസിന്റെ വിശദമായ സ്വഭാവ സവിശേഷതകള്‍ ജനിതക സ്വീക്വന്‍സിങ്ങിലൂടെ തിരിച്ചറിയുന്നത് രോഗചികിത്സയ്ക്ക് സഹായകമാകുമെന്നാണ് ഗവേഷകര്‍ചൂണ്ടിക്കാട്ടുന്നത്. തീവ്രത കുറഞ്ഞത്, ഇടത്തരം, തീവ്രത കൂടിയത് എന്നിങ്ങനെ മൂന്നു തരം കൊറോണ വൈറസാണ് നിലവില്‍ ഉള്ളത്. അവയുടെ വ്യാപന ശേഷി തിരിച്ചറിയുന്നതിന് 500 വൈറല്‍ ജീനോമുകളെ സീക്വന്‍സിങ്ങിനു വിധേയമാക്കുന്ന മറ്റൊരു പഠനവും നടത്തുന്നതായി ഗവേഷകര്‍ വ്യക്തമാക്കി.
