ചെന്നൈയിൽ മരിച്ചയാളുടെ മൃതദേഹം കോവിഡ് പരിശോധനകളില്ലാതെ അർധരാത്രിയിൽ അതിർത്തികടത്തി കേരളത്തിൽ എത്തിച്ച് സംസ്കരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച്ച. മരിച്ചയാൾക്കൊപ്പം ചെന്നൈയിലുണ്ടായിരുന്ന ഭാര്യയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ 3 ആരോഗ്യ പ്രവർത്തകരും 3 പൊലീസുകാരും 16 പേർ ക്വാറന്റീനിലായി.
മൃതദേഹം സംസ്‌കരിച്ച ശ്മശാനം അടച്ചു. മെയ് 22ന് രാത്രിയാണ് ചെന്നൈയിൽ നിന്ന് മലയാളിയുടെ മൃതദേഹം വാളയാർ വഴി കേരളത്തിൽ എത്തിക്കുന്നത്. കൊവിഡ് പരിശോധന നടത്താതെ മൃതദേഹം ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്തിവിടുകയായിരുന്നു. മൃതദേഹത്തെ അനുഗമിച്ചത് ഭാര്യയും മകനുമാണ്. ഭാര്യയ്ക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
വാളയാർ ചെക്ക് പോസ്റ്റിൽ ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്കാര സമയത്തു ശ്മശാനത്തിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, പഞ്ചായത്ത് അംഗം, ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ 16 പേരെ ക്വാറന്റീനിലാക്കി.
