ചവറ എംഎൽഎ എൻ.വിജയൻ പിള്ള അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.30ന് ആയിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച രാവിലെ ചവറ ശങ്കരമംഗലത്തെ വീട്ടുവളപ്പിൽ. രണ്ട് മാസമായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെട്ടെന്ന് അസുഖം മുർച്ഛിക്കുകയും മരുന്നുകളോടു ശരീരം പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ചവറയിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചാണ് വിജയൻ പിള്ള 2016ൽ നിയമസഭയിലെത്തിയത്. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർ.എസ്.പി ഇതര എം.എൽ.എ ആണ്. 1951ൽ ജനിച്ച വിജയൻപിള്ള പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് എത്തി. ആർ.എസ്.പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
ആര്‍.എസ്.പി ബേബി ജോണ്‍ വിഭാഗ നേതാവായിരുന്ന വിജയന്‍ പിള്ള,ബേബി ജോണിന്റെ മരണശേഷം കെ കരുണാകരന്‍ രൂപീകരിച്ച ഡി.ഐ.സിയുമായി സഹകരിച്ചു. ഡി.ഐ.സി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ വിജയന്‍പിള്ള കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 2011ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വി.എം.സുധീരന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടു. 2016ൽ മുൻ മന്ത്രിയും ബേബിജോണിന്റെ മകനുമായ ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്.
