പൗരത്വ ഭേദഗതി വിരുദ്ധ സമരത്തെ അടിച്ചമർത്തുമെന്ന ബിജെപി നേതാവായ കപില്‍ മിശ്രയുടെ പ്രസ്താവനക്കു പിന്നാലെ ഡൽഹിയിൽ സമരക്കാർക്ക് നേരെ ആരംഭിച്ച വർഗ്ഗീയ കലാപം അനിയന്ത്രിതമായി തുടരുകയാണ്. സംഘർഷത്തിൽ മരണം നാലായി. രാത്രിയിലും പോലീസ് വെടിവയ്പ്പ് നടത്തി എന്നും റിപ്പോർട്ടുണ്ട്.
മുസ്ലീങ്ങളെ തെരഞ്ഞ്പിടിച്ച് ആക്രമിക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ചിത്രങ്ങൾ സഹിതം വാർത്ത നൽകി. സമരക്കാർക്ക് നേരെ കല്ലെറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെയും പള്ളിക്ക് നേരെ പന്തം കത്തിച്ച് എറിയുന്ന കലാപകാരിയുടെയും ചിത്രങ്ങൾ പുറത്തുവന്നു.
അതിക്രമങ്ങൾ തുടരുമ്പോഴും പോലീസ് കയ്യുംകെട്ടി നോക്കി നിൽക്കുകയാണെന്ന് വിമർശനം ഉയരുകയാണ്. ഇതിനിടെ ഭീം ആർമി നേതാവായ ചന്ദ്രശേഖർ ആസാദ് ഡൽഹിയിലേയക്ക് തിരിച്ചു. തൻ്റെ ട്വിറ്റർ അക്കൌണ്ടിലൂടെ അദ്ദേഹം തൻ്റെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
ഡൽഹിയിലെ സ്ഥിതിഗതികൾ ശോചനീയമാണെന്നും കർണാടകയിലെ തന്റെ പരിപാടികൾ നിർത്തിവെച്ച് ഡൽഹിയിലേക്ക് വരികയാണെന്നും ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി ഇടപെടണമെന്നും ഭരണഘടനയുടെയും ജനങ്ങളുടെ ജീവന്റെയും സംരക്ഷണം കോടതി ഉറപ്പുവരുത്തണമെന്നും ആസാദ് ട്വിറ്റിലൂടെ ആവശ്യപ്പെട്ടു.
