ഗർഭ് സംസ്കാർ കോഴ്സുമായി ലഖ്‌നൗ സർവ്വകലാശാല; ചാൻസലർ ആനന്ദിബെൻ പട്ടേലിൻ്റെ നിർദ്ദേശം സ്വീകരിച്ച് സർവ്വകലാശാല

ഉന്നത വിദ്യാഭ്യാസ രംഗത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയാണ് ഉത്തർപ്രദേശിലെ ലഖ്‌നൗ സർവ്വകലാശാല. രാജ്യത്ത് ആദ്യമായി കേട്ടുകേൾവിയില്ലാത്ത ഒരു കോഴ്സ് ആരംഭിച്ചിരിക്കുകയാണ് സർവ്വകലാശാല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിൻ്റെ നിർദ്ദേശാനുസരണമാണ് കോഴ്സിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഗര്‍ഭകാലത്തെ കുറിച്ചും മാതൃത്വത്തെ കുറിച്ചുമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ കോഴ്‌സിന് ‘ഗര്‍ഭ് സംസ്‌കാര്‍’ എന്നാണ് പേര്. അടുത്ത കലാലയവര്‍ഷം കോഴ്‌സ് ആരംഭിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍വകലാകാല ഇത്തരത്തിലൊരു കോഴ്‌സ് ആരംഭിക്കുന്നത്.

ഗര്‍ഭിണികളുടെ ഭക്ഷണം, വസ്ത്രധാരണം, പെരുമാറ്റം, ഗര്‍ഭിണികള്‍ക്കായുള്ള വ്യായാമം, സംഗീതം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന കോഴ്‌സില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും. കോഴ്‌സ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാവുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലാണ് പെണ്‍കുട്ടികള്‍ക്ക് അമ്മയെന്ന രീതിയില്‍ എങ്ങനെ പെരുമാറാമെന്ന് പരിശീലനം നല്‍കാനായി ഇത്തരത്തിലൊരു കോഴ്‌സിനെ കുറിച്ചാലോചിക്കാന്‍ നിര്‍ദേശം നല്‍കിയത്‌. ലഖ്‌നൗ സര്‍വകലാശാലാ വക്താവ് ദുര്‍ഗേഷ് ശ്രീവാസ്തവ ഇക്കാര്യം മാധ്യമങ്ങളെ  അറിയിച്ചു.

കഴിഞ്ഞ കൊല്ലത്തെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ യുദ്ധതന്ത്രങ്ങള്‍ അഭ്യസിച്ച അഭിമന്യുവിന്റെ മഹാഭാരതകഥ ആനന്ദിബെന്‍ പട്ടേല്‍ എടുത്തു പറഞ്ഞിരുന്നു. ജര്‍മനിയിലെ ഒരു സര്‍വകലാശാലയില്‍ ഗര്‍ഭ് സംസ്‌കാരിന് തുല്യമായ കോഴ്‌സ് ആരംഭിച്ചതായും അവര്‍ സൂചിപ്പിച്ചിരുന്നു.

പതിനാറ് മൂല്യങ്ങളാണ് ഈ കോഴ്‌സ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ പ്രധാനമായും പഠിക്കുക. കുടുംബാസൂത്രണത്തെ കുറിച്ചും ഗര്‍ഭകാലത്ത് നല്‍കേണ്ട പോഷകാഹാരത്തെ കുറിച്ചും പഠനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും ശിൽപശാലകൾ സംഘടിപ്പിക്കുമെന്നും ശ്രീവാസ്തവ വ്യക്തമാക്കി. ലഖ്‌നൗ സര്‍വകലാശാലാ വിദ്യാര്‍ഥികളും ഗൈനക്കോളജിസ്റ്റുകളും കോഴ്‌സിനെ സ്വാഗതം ചെയ്തു.

Vinkmag ad

Read Previous

പ്രശാന്ത് കിഷോർ ആം ആദ്മിയിലേയ്ക്ക്..?? ബിഹാറിൽ ബിജെപിയുടെ തോൽവി ഉറപ്പാക്കുന്നു

Read Next

തുടക്കത്തിലേ പാളി കെ സുരേന്ദ്രൻ; കാസറഗോഡ് ബിജെപിയിൽ പൊട്ടിത്തെറി

Leave a Reply

Most Popular