ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായത് വർഗീയ വിദ്വേഷം നിറഞ്ഞ ബിജെപി നേതാക്കളുടെ പ്രസംഗങ്ങളായിരുന്നു. കലാപത്തിന് കാരണമായിത്തീർന്ന കപിൽ മിശ്രയുടെ പ്രസംഗം കഴിഞ്ഞ ഉർൻ തന്നെ കലാപം ആരംഭിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്കെതിരെ ആദ്യമായല്ല ബിജെപി നേതാക്കൾ വർഗീയ വിദ്വേഷവും കൊലവിളിയും നടത്തുന്നത്. അനുരാഗ് താക്കൂറും പർവേഷ് വർമ്മയും അടങ്ങുന്ന നേതാക്കൾ ഡൽഹി തെരഞ്ഞെടുപ്പ് കാലത്ത് വലിയ രീതിയിൽ വിദ്വേഷം ഇളക്കിവിട്ടിരുന്നു.
എന്നാൽ കപിൽ മിശ്രയുടെ അന്ത്യശാസനമായിരുന്നു കലാപകാരികൾക്ക് എണ്ണപകർന്നത്. ആം ആദ്മി പാർട്ടിയിൽ നിന്നും മൂന്ന് വർഷങ്ങൾക്ക് മുമ്പ് പുറത്താക്കപ്പെട്ട ചരിത്രമാണ് കപിൽ മിശ്രക്കുള്ളത്. കേജ്രിവാൾ സർക്കാരിൽ മന്ത്രിയായിരുന്നു കപിൽ മിശ്ര. ആ സമയത്ത് സാക്ഷാൽ നരേന്ദ്ര മോദിയെ പാകിസ്ഥാൻ ചാരൻ എന്ന് വിളിച്ച വ്യക്തികൂടിയാണ് ഇയാൾ.
മോദിയെ ഐഎസ്ഐയുടെ ഏജൻ്റെന്നാണ് കപിൽ മിശ്ര വിളിച്ചത്. സാധാരണ ബിജെപിക്കാരെപ്പോലെയല്ല മിശ്രയുടെ ചരിത്രം, അൽപ്പം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചാണ് മിശ്ര ബിജെപിയിൽ എത്തിയത്. അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ സമരത്തിലൂടെയാണ് മിശ്രയുടെ അരങ്ങേറ്റം.
ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ നിന്നും ബിരുദം നേടിയ കപിൽ മിശ്രയുടെ അമ്മ ബിജെപിയിൽ നിന്നും മേയർ സ്ഥാനം വരെ വഹിച്ചിരുന്നു. ഗ്രീൻ പീസ്, ആംനസ്റ്റി ഇൻ്റർനാഷണൽ തുടങ്ങിയ സംഘടനകളിലും കപിൽ മിശ്ര പ്രവർത്തിച്ചിട്ടുണ്ടെന്ന് ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.
തുടർന്ന് അഴിമതിവിരുദ്ധതയും പ്രകൃതി സംരക്ഷണവുമായി മുന്നോട്ട് പോയ മിശ്ര പിന്നീട് ആം ആദ്മിയിൽ ചേരുകയായിരുന്നു. കേജ്‌രിവാൾ സർക്കാരിൽ മന്ത്രിയായിരുന്നു മിശ്ര 2017 മേയിലാണ് മന്ത്രിസഭയിൽ നിന്നും പുറത്താകുന്നത്. ശേഷമാണ് ബിജെപിൽ ചേരുകയും ഒന്നാന്തരം വർഗീയ പ്രാസംഗികനായി മാറുകയും ചെയ്തത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ‘രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണ’മെന്ന് ഈ നേതാവ് പറഞ്ഞിരുന്നു. വടക്ക് കിഴക്കൻ ഡൽഹിയിലെ സമരക്കാരെ ഒഴിപ്പിക്കുന്നതിന് ട്രംപ് രാജ്യം വിടുന്നതുവരെയുള്ള സമയം മാത്രമേ നൽകൂ എന്നാണ് ഇയാൾ അന്ത്യശാസനത്തിൽ പറഞ്ഞത്.
