കൊൽക്കത്തയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിലേക്ക് ‘ഗോലി മാരോ’ മുദ്രാവാക്യം വിളിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപിയുടെ ഐടി സെൽ പ്രവർത്തകരാണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചക്ക് ശേഷം നടന്ന പരിപാടിയിലേയ്ക്ക് വന്നവരാണ് ബിജെപിയുടെ കൊലവിളി മുദ്രാവാക്യമായ വെടിവച്ച് കൊല്ലൂ..(ഗോലി മാരോ) എന്ന് ആർപ്പുവിളിച്ച് എത്തിയത്. തുടർന്ന് വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. കൊൽക്കത്തയിൽ കലാപത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന വിമർശനവും ഉയർന്നു.
തുടർന്ന്, പോലീസ് ഈ പരിപാടിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സുരേന്ദ്ര കുമാര്‍ തിവാരി, ധ്രുബ ബസു, പങ്കജ് പ്രസാദ് എന്നിവരെയാണ് ഐ പി സി 505, 506, 34, 153 എ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.
റാലിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക വീശിക്കൊണ്ട് ഗോലി മാരോ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
