ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിന്‍ ചുദസാമയുടെ തെരഞ്ഞെടുപ്പ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കോവിഡ് വ്യാപനത്തിൽ വലയുന്ന ഗുജറാത്ത് ബിജെപി സർക്കാരിനെ ആകെ ഞെട്ടിക്കുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. 2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂപേന്ദ്രസിന്‍ 327 വോട്ടിനായിരുന്നു ജയിച്ചത്.
പോളിംഗ് നടക്കുമ്പോൾ 429 പോസ്റ്റല്‍ വോട്ടുകള്‍ റിട്ടേണിങ് ഓഫീസര്‍ വിശദീകരണമില്ലാതെ റദ്ദാക്കിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചെന്നാണ് കരുതുന്നത്. ധോല്‍ക്ക നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് ഭൂപേന്ദ്രസിന്‍ വിജയിച്ചത്.
ഭൂപേന്ദ്രസിനോട് 327 വോട്ടിന് പരാജയപ്പെട്ട കോൺഗ്രസ് നേതാവ് അശ്വിൻ റാത്തോഡ് സമർപ്പിച്ച ഹരജിയിലാണ് മുതിർന്ന ബി.ജെ.പി നേതാവിന്‍റെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നതായി ജസ്റ്റിസ് പരേഷ് ഉപാധ്യായ വിധി പ്രസ്താവിച്ചത്. വോട്ടെണ്ണൽ പ്രക്രിയയിൽ ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ഉപാധ്യായ വ്യക്തമാക്കി.
അഴിമതിയിലൂടെയാണ് ഭൂപേന്ദ്രസിന്‍ വിജയിച്ചതെന്ന് റാത്തോഡ് ആരോപിക്കുകയും തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു. 429 പോസ്റ്റല്‍ വോട്ടുകള്‍ റിട്ടേണിങ് ഓഫീസർ ധവൽ ജാനി നിയമവിരുദ്ധമായി നിരസിച്ചെന്നും ഇ.വി.എമ്മുകളിലെ 29 വോട്ടുകൾ ഉദ്യോഗസ്ഥർ കണക്കാക്കിയിട്ടില്ലെന്നും ഹരജിയില്‍ റാത്തോഡ് ചൂണ്ടിക്കാട്ടി.
