രാജ്യം കോവിഡ് ഭീതിയില്‍ നീങ്ങുമ്പോള്‍ ഗുജറാത്തില്‍ കോവിഡ് വ്യാപനം പരിധികളും വിട്ട്പടരുന്നു. കോണ്‍ഗ്രസ് എംഎല്‍എ യായ ഇമ്രാന്‍ ഖൈദവാലക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രിയുള്‍ുപ്പെട നിരീക്ഷണത്തിലേയ്ക്ക് പോകേണ്ട സാഹര്യമാണ്.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇമ്രാന്‍ ഖെദവാലക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും കോണ്‍ഗ്രസ് എംഎല്‍എ അടുത്തിടപഴകിയിട്ടുണ്ട്. ഗുജറാത്തില്‍ 650 പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 29 പേര്‍ മരിക്കുകയും ചെയ്തു.
ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യന്ത്രി വിജയ് രൂപാണി ഇമ്രാന്‍ ഖെദവാലടക്കമുള്ള എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയത്.ചൊവ്വാഴ്ച രാവിലെയായിരുന്നു ഇത്. നിലവില്‍ ഗാന്ധിനഗറിലെ എസ്.വി.പി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എംഎല്‍എയെ. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ 15-20 അടി അകലത്തിലായിരുന്നു രോഗം സ്ഥിരീകരിച്ച എംഎല്‍എ ഇരുന്നത്. ശരീരിക സമ്പര്‍ക്കം ഉണ്ടായിട്ടില്ല. മെഡിക്കല്‍ വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വിജയ് രൂപാണിയടെ സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്ത് 59 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. ഗുജറാത്തില്‍ 50 ശതമാനത്തിലധികം കേസുകള്‍ അഹമ്മദാബാദില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദില്‍ 350 ലധികം കൊറോണ വൈറസ് പോസിറ്റീവ് കേസുകളുണ്ട്. ഇവിടെ ഡാനിലിംഡ പ്രദേശങ്ങളില്‍ നിന്നാണ് കൂടതല്‍ കേസുകള്‍. അതേസമയം, മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തിലെ സൂറത്തിലും അഹമ്മദാബാദിലും കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടിയായി.
2014 വരെ 13 വര്‍ഷം മുഖ്യമന്ത്രിയെന്ന നിലയില്‍ മോദി ഭരിച്ച സംസ്ഥാനം വികസന മാതൃകയാണെന്നാണ് ബിജെപിയും സംഘപരിവാറും പ്രചരിപ്പിക്കുന്നത്. എന്നാല്‍ ജനസംഖ്യയിലെ 1000 പേര്‍ക്ക് ഇപ്പോഴും ഒരു കിടക്കപോലുമില്ലാത്ത അവസ്ഥയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ദ വയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആയിരത്തിന് 0.33 ആണ് ഇവിടെ കിടക്കയുടെ അനുപാതം. ദേശീയ ശരാശരിയാകട്ടെ ആയിരത്തിന് 0.55 എന്നതാണ്. റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍ അനുസരിച്ച് സേവന മേഖലയിലെ ചെലവ് നിര്‍വ്വഹിക്കുന്നതില്‍ 18ല്‍ 17-ാം സ്ഥാനത്താണ് ഗുജറാത്ത്. സാമൂഹ്യ മേഖലയ്ക്കായി നീക്കിവയ്ക്കുന്നതില്‍ 31.6 ശതമാനമാണ് സംസ്ഥാനത്ത് ചെലവഴിക്കുന്നത്.
ആളോഹരി ചെലവിന്റെ കാര്യത്തില്‍ 1999-2000 വര്‍ഷത്തില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന സംസ്ഥാനം പത്തുവര്‍ഷം കഴിഞ്ഞ് 2009-10 വര്‍ഷമാകുമ്പോഴേയ്ക്കും 11ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അസം 12ാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നപ്പോഴാണ് ഗുജറാത്തിന്റെ ഈ പിറകോട്ടടി. 19992000 ല്‍ സംസ്ഥാനത്തെ മൊത്തം ചെലവിന്റെ 4.39 ശതമാനം ആരോഗ്യ മേഖലയ്ക്കായി നീക്കി വച്ചപ്പോള്‍ 2009-10 ല്‍ അത് 0.77 ശതമാനമായി കുത്തനെ കുറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ചെലവിന്റെ കാര്യത്തിലും ബിഹാറിനെക്കാളും മുന്നിലാണ് ഗുജറാത്ത്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്കും പൊതുജനങ്ങള്‍ പണം വിനിയോഗിക്കേണ്ടിവരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
