ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ ഇന്നുമുതല്‍ എത്തും; ആദ്യ ദിവസമെത്തുന്നത് 368 പേര്‍

ഗള്‍ഫില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി കേരളത്തിലേയ്ക്ക് 368 പ്രവാസികള്‍ ഇന്നെത്തും. ആഴ്ച്ചകളായുള്ള അനിശ്ചിതത്വത്തിനൊടുവിലാണ് പ്രവാസികള്‍ക്കുവേണ്ടി ആദ്യവിമാനം ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിക്കുന്നത്. നാല് വിമാനങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു എങ്കിലും അവസാന നിമിഷം രണ്ട് വിമാനങ്ങള്‍ അടുത്ത ദിവസങ്ങളിലേക്ക് മാറ്റി. വിമാനത്തിന്റെ സമയക്രമത്തിലും മാറ്റമുണ്ട്. അതേ സമയം ഇന്ത്യന്‍ നേവിയുടെ യുദ്ധകപ്പലുകള്‍ക്ക് കരയ്ക്കടുക്കുന്നതിന് ഇതുവരെ യുഎഇ അനുമതി നല്‍കാത്തതിനാല്‍ കപ്പല്‍വഴിയുള്ള യാത്ര ഇനിയും വൈകിയേക്കും.

ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കും, അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കുമാണ് ഇന്ന് പ്രവാസികള്‍ മടങ്ങിയെത്തുക. ഒരോ വിമാനത്തിലും പരമാവധി 178 യാത്രക്കാരുണ്ടാകും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും, ദോഹയില്‍ നിന്നും കൊച്ചിയിലേക്കും പ്രഖ്യാപിച്ച വിമാനങ്ങള്‍ അടുത്ത ദിവസങ്ങളിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വിമാനമാകും ഇന്ന് ആദ്യം കേരളത്തിലെത്തുക. വൈകുന്നേരം 4.15ന് അബൂദബിയില്‍ നിന്ന് തിരിക്കുന്ന വിമാനം രാത്രി 9.40ന് കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചക്ക് 2.15ന് പുറപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്ന ദുബൈ-കോഴിക്കോട് വിമാനം വൈകുന്നേരം അഞ്ചിന് ശേഷം മാത്രമേ പുറപ്പെടുകയുള്ളു. വിമാനം നാട്ടിലെത്തുമ്പോള്‍ പത്തര കഴിയും.

റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെ മെഡിക്കല്‍ സ്‌ക്രീനിങ് നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ പ്രവേശിപ്പിക്കുകയുള്ളു. ഇതിനായി അഞ്ച് മണിക്കൂര്‍ നേരത്തേ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ എത്തണം. പിപിഇ കിറ്റുമായി എത്തുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് വിമാനത്താവളം ടെര്‍മിനലിന് അകത്തേക്ക് പ്രവേശനം അനുവദിക്കൂ എന്ന് ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങളാല്‍ മാധ്യമങ്ങള്‍ക്ക് എയര്‍പോര്‍ട്ടിലേയ്ക്ക് പ്രവേശനം അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പ്രവാസികളുമായി യാത്രാവിമാനം അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തും.

Vinkmag ad

Read Previous

ഇന്റീരിയര്‍ ഡീസൈനറുടെ ആത്മഹത്യ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തു; പണം നല്‍കാതെ ഭീഷണിപ്പെടുത്തി

Read Next

പാളത്തിൽ ഉറങ്ങിയ 15 കുടിയേറ്റ തൊഴിലാളികൾ ട്രയിനിടിച്ച് മരിച്ചു; ദാരുണ സംഭവം മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍

Leave a Reply

Most Popular