കർണാടകയിൽ എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് അധികാരത്തിലേറിയ യദ്യൂരപ്പ സർക്കാരിന് ഉറക്കമില്ലാത്ത രാത്രികളാണ് എന്നും. ബിജെപിയെ അധികാരത്തിലേറ്റിയ ഓപ്പറേഷൻ താമര ഏവർക്കും അറിയാവുന്നതാണ്. കോൺഗ്രസിൽ നിന്നും ജനതാ ദളിൽ നിന്നും ചാക്കിട്ടുപിടിച്ച 17 എംഎൽഎമാരെ രാജിവയ്പ്പിച്ചാണ് കുമാരസ്വാമി സർക്കാരിനെ ബിജെപി വീഴ്ത്തിയത്.
എന്നാൽ ഈ വിമത എംഎൽഎമാർ ഇപ്പോൾ ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. വിമത എംഎൽഎമാരിൽ 15ഓളം പേരും ബിജെപിയിൽ ചേർന്നിരുന്നു. അവരിൽ പതിനൊന്ന് പേരും ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് വീണ്ടും എംഎൽഎയുമായിരുന്നു. ജയിച്ചുവരുന്ന എല്ലാ എംഎൽഎമാർക്കും യദ്യൂരപ്പ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു.
ഇപ്പോൾ യെഡിയൂരപ്പയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ രമേശ് ജാര്‍ഖിഹോളി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയെത്തിയ മഹേഷ് കുമ്മത്തല്ലിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കാത്തതാണ് ജാര്‍ഖിഹോളിയെ ചൊടിപ്പിച്ചിരിക്കുന്നത്.
പതിനൊന്നുപേർക്ക് ഒരുമിച്ച മന്ത്രിസ്ഥാനം നൽകുന്നത് പാർട്ടിക്കകത്തും വലിയ പ്രശ്നമാണ് സൃഷ്ടിച്ചത്. ബിജെപിക്കായി അഹോരാത്രം കഷ്ടപ്പെട്ടവരെ മറികടന്ന് ഇന്നലെ കാലുമാറി എത്തിയവരെ ഒന്നടങ്കം മന്ത്രിമാരാക്കിയത് പാർട്ടിയുടെ പ്രതിച്ഛായ തന്നെ നഷ്ടപ്പെടുത്തിയിരുന്നു. കുതിരക്കച്ചവടം മാത്രമാണ് പാർട്ടിയുടെ രാഷ്ട്രീയം എന്നത് വെളിപ്പെടുകയായിരുന്നു.
വിമത എംഎൽഎമാരുടെ സമ്മര്‍ദ്ദം ശക്തമായതോടെ നേതാക്കളില്‍ നിന്നും ഒരാളെ തഴഞ്ഞ് തിരഞ്ഞെടുപ്പില്‍ വിജയിച്ച 10 പേരെയും ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ കൂട്ട് നിന്ന മുതിര്‍ന്ന നേതാവ് രമേശ് ജാര്‍ഖിഹോളിയുടെ അടുത്ത അനുയായി രമേശ് കുമ്മത്തല്ലിയെയായിരുന്നു യദ്യൂരപ്പ തഴഞ്ഞത്. ഇതാണിപ്പോള്‍ കര്‍ണാടകത്തില്‍ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നത്.
