കർണാടക സർക്കാരിൻ്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ; വിഷയം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി

കോവിഡ് രോ​ഗബാധയുടെ പശ്ചാത്തലത്തിൽ കര്‍ണാടകം കേരള അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. കര്‍ണാടകത്തിന്‍റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉടൻ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

രോഗികളെ വരെ അതിർത്തിയിൽ തടയുന്ന കർണാടക സർക്കാരിൻ്റെ ക്രൂരത ആറുപേരുടെ ജീവനാണ് അപഹരിച്ചത്. ചരക്കുനീക്കം അടക്കമുള്ള കാര്യങ്ങളില്‍ കേരളം വലിയ പ്രതിസന്ധി നേരിടുകയാണ്. വിദഗ്ധ ചികിത്സ വേണ്ട രോഗികള്‍  അതിര്‍ത്തികള്‍ അടഞ്ഞതോടെ മംഗളൂരുവിലേക്ക് കടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ മാത്രം ആവശ്യമായ ചികിത്സ കിട്ടാതെ കാസര്‍കോട് രണ്ടുപേരാണ് മരിച്ചത്.

അതേസമയം മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസർക്കാരിന്‍റെ ലോക് ഡൗണ്‍ നിയമത്തിന്‍റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ കളക്ടർ ടിവി സുഭാഷ് കർണാടക ഹോം സെക്രട്ടറിക്ക് കത്തയച്ചു. ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കർണാടകം അട്ടിമറിച്ചു.

അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നെന്നും ബദൽ പാതകൾ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്തെന്ന് ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണ്ണൂർ ജില്ലാ ഭരണകൂടത്തിന്‍റെ കത്ത് ലഭിച്ച ശേഷം തുടർനടപടി ആലോചിക്കാമെന്ന് ഹൈക്കോടതിയിൽ കർണാടകം ഉറപ്പ് നൽകിയിരുന്നു. ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Vinkmag ad

Read Previous

കോവിഡ് 19; മലയാലി നഴ്‌സുമാരുടെ കാര്യം കേന്ദ്ര ശ്രദ്ധയില്‍ പെടുത്തും; പിണറായി വിജയന്‍

Read Next

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് കാട്ടുതീ പോലെ പടരുന്നു; മരണം നാല്‍പ്പത്തി ഏഴായിരം കടന്നു

Leave a Reply

Most Popular