കോവിഡ് മാരിക്കിടയിൽ കര്‍ണാക സർക്കാരിനെതിരെ ബിജെപിക്കകത്ത് വിമത നീക്കം. പാർട്ടിയിലെ അധികാരത്തർക്കമാണ് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പക്ക് തലവേദനയായി മാറിയിരിക്കുന്നത്. മുന്‍ മന്ത്രി ഉമേഷ് കാട്ടിയുടെ നേതൃത്വത്തില്‍ ഇരുപതോളം എം.എല്‍.എമാരാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
ബെല്‍ഗാം ജില്ലയില്‍നിന്നുള്ള ശക്തനായ ലിംഗായത്ത് നേതാവു കൂടിയായ കാട്ടി വ്യാഴാഴ്ച രാത്രി 20 എം.എല്‍.എമാര്‍ക്ക് അത്താഴ വിരുന്നൊരുക്കി പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി യെദ്യൂരപ്പയുമായി വ്യത്യസ്ത കാരണങ്ങളുടെ പേരില്‍ അഭിപ്രായ വ്യത്യാസമുള്ളവരാണ് മിക്കവരും.
യെദ്യൂരപ്പ പ്രവര്‍ത്തനരീതി മാറ്റണം, എട്ടു തവണ എംഎല്‍എ ആയിട്ടുള്ള ഉമേഷ് കാട്ടിക്ക് കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കുക, ഉമേഷ് കാട്ടിയുടെ സഹോദരന്‍ രമേശ് കാട്ടിക്ക് രാജ്യസഭാ അംഗത്വം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് വിമതര്‍ ഉയര്‍ത്തുന്നത്.
മറ്റൊരു മുതിര്‍ന്ന ലിംഗായത്ത് എംഎല്‍എയും മുന്‍ കേന്ദ്ര മന്ത്രിയുമായ ബി.ആര്‍ പാട്ടീല്‍ സര്‍ക്കാര്‍ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ യെദ്യൂരപ്പയുമായി കൊമ്പുകോര്‍ത്തിരിക്കുകയാണ്. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും എത്തിയ എംഎൽഎമാർക്ക് മന്ത്രി സ്ഥാനം നൽകിയതാണ് പോരിന് അടിസ്ഥാന കാരണം.
