ലോക്ക്ഡൗൺ നിയമങ്ങൾ മറികടക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് ബിജെപി നേതാക്കളും അണികളുമാണ്. പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ അടക്കം നിയമങ്ങളെ കാറ്റിൽ പറത്തി പൊതുപരിപാടികൾ സംഘടിപ്പിച്ചു. ഇപ്പോൾ കർണാടകയിലെ ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം വിവാദത്തിലായിരിക്കുകയാണ്.
നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചാണ് ബി.ജെ.പി തുമകുരു ജില്ലയിലെ തുറുവേകര എം.എൽ.എ ജയരാമിന്റെ പിറന്നാളാഘോഷം നടന്നത്. കഴിഞ്ഞ ദിവസം ഗുബ്ലി ടൗണിൽവച്ചായിരുന്നു ആഘോഷം. നിരവധി കൊച്ചു കുട്ടികളെവരെ പങ്കെടുപ്പിച്ചായിരുന്നു ആഘോഷം.
ഗ്ലൗ ധരിച്ച് പിറന്നാളാഘോഷത്തിന് എത്തിയവർക്ക് കേക്ക് നൽകുന്ന എം.എൽ.എയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിമർശനം ഉയർന്നത്. കൊവിഡ് വ്യാപനം കുറയ്ക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ കർണാടകയിൽ ബിജെപി നേതാക്കൾ നടത്തുന്ന രണ്ടാമത്തെ ലംഘനമാണിത്.
നേരത്തെ മുഖ്യമന്ത്രി യദ്യൂരപ്പ തന്നെ നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു. ബിജെപി ഇത്തരം നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുമ്പോഴും ഒരു മതസമ്മേളനത്തിൻ്റെ പേരിൽ ആക്ഷേപവും ആക്രമണവും നേരിടുന്നത് സംസ്ഥാനത്തെ മുസ്ലീം ജനതയാണ്.
