ക്ഷേത്ര പരിസരത്ത് ജീവനക്കാരുടെ മദ്യപാനം. രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. തമിഴ്നാട് വിരുധാചലം ശ്രീ കൊലഞ്ചിയപ്പർ ക്ഷേത്രത്തിലെ ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്.
ക്ഷേത്രം ജീവനക്കാരനായ പുലവർ ശിവരാജൻ, വാച്ച്മാൻ ശിവകുമാർ എന്നിവർ ക്ഷേത്രത്തിലെ പൂന്തോട്ടത്തിലിരുന്ന് മദ്യപിക്കുകയും മാംസം കഴിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
സംസ്ഥാനത്താകെ പ്രതിഷേധം ഉയർത്തി വീഡിയോ പ്രചരിച്ചതോടെയാണ് ജീവനക്കാരെ അടിയന്തിരമായി സസ്പെൻഡ് ചെയ്തത്. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്‍റ്സ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പൂജാരികളും അത്യാവശ്യ ജീവനക്കാരും മാത്രമെ നിലവിൽ ജോലി ചെയ്യുന്നുള്ളു.
ഈ സാഹചര്യത്തിനിടയിലാണ് ക്ഷേത്ര ജീവനാക്കാരുടെ ഇത്തരമൊരു പ്രവൃത്തി വിമർശനം ഉയര്‍ത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ തന്നെ മറ്റ് രണ്ട് ജീവനക്കാരാണ് വീഡീയോ പകർത്തിയതെന്നാണ് സൂചന.
രണ്ട് പേരെയും ഉടനടി നീക്കം ചെയ്തുവെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നുമാണ് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ മാരിമുത്ത് അറിയിച്ചിരിക്കുന്നത്. ഇതാദ്യമായല്ല കൊലഞ്ചിയപ്പർ ക്ഷേത്രം വാർത്തകളിൽ നിറയുന്നത്. നേരത്തെ ക്ഷേത്രത്തിനുള്ളിൽ വളർത്തുന്ന പുള്ളിമാനുകളിൽ 9 എണ്ണം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതും വിവാദം ഉയർത്തിയിരുന്നു.
