ഉത്തരേന്ത്യയിൽ ദലിതർക്കെതിരായ ജാതീയ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാതിരിക്കാൻ ദലിത് യുവാവിനെ സവർണർ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ അമോര്‍ഹയില്‍ ശനിയാഴ്ച്ചയാണ് സംഭവം.
വികാസ് ജാദവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നാല് സവർണ്ണ യുവാക്കൾ ചേർന്നാണ് കൊലനടത്തിയത്. വികാസ് ജാദവ് നേരത്തെ ക്ഷേത്രത്തിൽ പ്രവേശിച്ചത് സംബന്ധിച്ച് കൊലപ്പെടുത്തിയവരുമായി തർക്കം നിലനിന്നിരുന്നു.
ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടികളുണ്ടായില്ല. ഹോറം ചൗഹാന്‍, ലാല ചൗഹാന്‍ എന്നിവര്‍ ശനിയാഴ്ച്ച രാത്രി വീട്ടിലെത്തി ഉറങ്ങി കിടന്ന മകനെ വെടിവെച്ചുകൊന്നുവെന്നാണ് പിതാവ് ഓം പ്രകാശ് പറയുന്നത്. വിവരമറിഞ്ഞ ഗ്രാമീണരാണ് പോലീസില്‍ വിവരം അറിയിച്ചത്. ദൃക്‌സാക്ഷികളുടെ പരാതിയില്‍ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് അംറോഹ എസ്.പി അറിയിച്ചു.
