ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പുതിയൊരു സുവർണ്ണാവസരമാക്കി മാറ്റിയിരിക്കുകയാണ് സംഘപരിവാർ സംഘടനകൾ. കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ് സർക്കാരിനെതിരെ വലിയ വിമർശമുയർത്തി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിൻ്റെ കോവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവില്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ ക്ഷേത്രങ്ങള്‍ തുറന്ന് തടിതപ്പാനാണോ നീക്കമെന്ന് ചോദിച്ചാണ് മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ തുറന്ന കത്തിൽ ചോദിക്കുന്നത്.
ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോര്‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികള്‍ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങള്‍ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ടെന്ന് മുരളീധരൻ കുറിച്ചു.
എന്നാൽ കഴിഞ്ഞ മാസം അവസാനം ബാറുകൾ തുറക്കാനുള്ള തീരുമാനം വന്നപ്പോൾ മദ്യശാലകൾക്കൊപ്പം ആരാധനാലയങ്ങളും തുറക്കണമെന്ന് പറഞ്ഞ വ്യക്തിയാണ് മുരളീധരൻ. കള്ളുകുടിയന്മാരോട് കാണിക്കുന്ന ദയ ദൈവ വിശ്വാസികളോടും കാണിക്കണമെന്നും ആരാധനാലയങ്ങളില്‍ വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ഈ വിഷയം ശബരിമല പ്രക്ഷോഭ മാതൃകയിൽ ഒരു വിവാദമാക്കി വിളവ് കൊയ്യാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന ആരോപണം ഉയരുകയാണ്. ബിജെപി സ്വീകരിച്ചിരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
