ഭരണകൂട നടപടികളിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന പത്രപ്രവർത്തകരെ നിയമപരമായി നേരിടുന്ന രീതി തുടരുകയാണ് ഉത്തർപ്രദേശിലെ യോഗി സർക്കാർ. കോവിഡ് പശ്ചാത്തലത്തിൽ ക്വാറൻ്റൈൻ കേന്ദ്രങ്ങളോടുള്ള അവഗണനയെക്കുറിച്ചും മറ്റുവീഴ്ചകളും റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരെ നിയമനടപടി സ്വീകരിച്ച് യുപി പൊലീസ്.
സിതാപൂർ ജില്ലയിലെ മഹോലി തെഹ്‌സിലിലുള്ള ക്വാറന്റൈൻ കേന്ദ്രം സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ പേരിലാണ് ‘ടുഡേ 24’ ന്യൂസ് പോർട്ടലിലെ മാധ്യമപ്രവർത്തകൻ രവീന്ദ്ര സക്‌സേനക്കെതിരെ പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കിയത്. ഈ കേന്ദ്രത്തിൽ വിതരണം ചെയ്യുന്ന ചോറ് പഴകിയതാണെന്ന് ഒരു അന്തേവാസി പരാതിപ്പെടുന്ന വീഡിയോ റിപ്പോർട്ട് സക്‌സേന തയ്യാറാക്കിയിരുന്നു.
സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ കാണാൻ പോയപ്പോഴാണ് പഴകിയ ചോറുമായി പരാതി പറയാൻ വന്ന ഒരാളെ കണ്ടതെന്നും ഇയാളുമായി സംസാരിച്ചപ്പോഴാണ് ക്വാറൻ്റൈൻ സെൻ്ററിലെ പ്രശ്‌നങ്ങൾ അറിഞ്ഞതെന്നും സക്‌സേന പറയുന്നു. ഇതിനുശേഷം സ്ഥലം സന്ദർശിക്കുകയും അവിടുത്തെ അവസ്ഥകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
സക്‌സേനക്കെതിരായ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.പിയിലെ മാധ്യമപ്രവർത്തക സംഘടന നിവേദനം നൽകിയെങ്കിലും എഫ്.ഐ.ആർ തയ്യാറാക്കിയതിനാൽ കേസ് ഒഴിവാക്കാനാവില്ല എന്നാണ് പൊലീസ് നിലപാട്. യോഗി ആദിത്വനാഥിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
