കോവിഡ് മഹാമാരിയെ നേരിടാൻ സർക്കാർ ഒരുക്കുന്ന സംവിധാനങ്ങൾ പല സംസ്ഥാനങ്ങളിലും വിമർശനത്തിന് ഇടയാക്കുകയാണ്. യാതൊരു സൗകര്യങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ക്വാറൻ്റൈൻ സംവിധാനങ്ങളാണ് ബിഹാറിൽ സ്ഥിതി വഷളാക്കുന്നത്.
ക്വാറൻ്റൈനിൽ കഴിയുന്നവർ തമ്മില്‍ കുടിവെള്ളത്തിനായി തല്ലുകൂടുന്ന സംഭവം വരെ ഉണ്ടായിരിക്കുകയാണ് ബിഹാറില്‍. സംഭവത്തിൻ്റെ വീഡിയോ പ്രചരിച്ചതോടെ വെട്ടിലായിരിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ
സാമൂഹ്യ അകലം പാലിക്കാതെയും യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെയാണ് ആളുകള്‍ പുറത്തിറങ്ങി നില്‍ക്കുന്നതെന്നും ദൃശ്യത്തില്‍ കാണാം. 150ഓളം പേരെ പാര്‍പ്പിച്ചിരിക്കുന്ന സമസ്തിപൂര്‍ ജില്ലയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാണ് വെള്ളത്തിനു വേണ്ടി തര്‍ക്കമുണ്ടായത്. താത്കാലിക ക്വാറന്റൈന്‍ കേന്ദ്രമാക്കിയ സ്‌കൂളിലാണ് സംഭവമുണ്ടായത്.
ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് വെള്ളവുമായി ടാങ്കര്‍ എത്തിയതിന് ശേഷമാണ് ആളുകള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുന്നത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യത്തില്‍ ആളുകള്‍ ബക്കറ്റുകള്‍ പിടിച്ച് പരസ്പരം തര്‍ക്കിക്കുന്നത് കാണാം. ആളുകളുമായി അടുത്ത് പെരുമാറാതിരിക്കാനായി ഐസൊലേറ്റ് ചെയ്തവരാണ് യാതൊരു സുരക്ഷയുമില്ലാതെ പുറത്തിറങ്ങിയതെന്ന് ദൃശ്യത്തില്‍ കാണാം.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വരെ ഐസൊലേഷന്‍ കേന്ദ്രങ്ങളുള്ള ബീഹാറില്‍ 1000ത്തിലേറെ കൊവിഡ് കേസുകളുണ്ട്. 3.5 ലക്ഷത്തോളം ജനങ്ങള്‍ പല കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലാണ്.
