രാജ്യം കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും ബിജെപിക്കും സംഘപരിവാറുകാർക്കും ഭരണം പിടിച്ചെടുക്കുന്നതിലും അട്ടമറിയിലുമാണ് ശ്രദ്ധമുഴുവൻ. അതിന് ഉദാഹരണമാണ് ഇന്നലെ മധ്യപ്രദേശിൽ ശിവരാജ് സിംങ് ചൗഹാൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
കോൺഗ്രസ് സർക്കാരിലെ 22 എംഎൽഎമാരെ രാജിവയ്പ്പിച്ചാണ് ബിജെപി സംസ്ഥാനത്ത് ഭരണം പിടിച്ചത്. പ്രമുഖ കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപിയിലേക്കുള്ള കാലുമാറ്റമാണ് എംഎൽഎമാരും രാജിയിൽ കലാശിച്ചത്.
കോവിഡ് ഭീതിയിൽ രാജ്ഭവനിൽ ലളിതമായ ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. ഗവർണർ ലാൽജി ടണ്ഠൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമേറ്റെടുത്ത ശേഷം കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്കും 22 എംഎൽഎമാർക്കും നന്ദി അറിയിച്ചു. അവരുടെ പ്രതീക്ഷകൾ പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ ഏഴ് രോഗികളിലാണ് കോവിഡ് 19 സഥിരീകരിച്ചിട്ടുള്ളത്. 35 ജില്ലകളിൽ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭോപാൽ, ഗ്വാളിയർ, ജബൽപൂർ, ഇൻഡോർ എന്നീ നാല് പ്രധാന നഗരങ്ങളും അടച്ചിട്ടിരിക്കുകയാണ്.
