കോൺഗ്രസിൽ നിന്നും എംഎൽഎമാരും എംപിമാരും കൂറുമാറി ബിജെപിയിൽ ചേരുന്നത് ഒരു അത്ഭുത കാഴ്ചയല്ല. ജനപ്രതിനിധി ആയിരിക്കേ തന്നെ മറുകണ്ടം ചാടുന്നവരുമുണ്ട്. എന്നാൽ ഇത്തരത്തിൽ മാറുന്നവർക്ക് കനത്ത് തിരിച്ചടി നൽകി സുപ്രീം കോടതി.
മണിപ്പുരിലെ വനംമന്ത്രി തുനോജം ശ്യാംകുമാറിനെ സുപ്രീംകോടതി സ്ഥാനത്തുനിന്നും നീക്കി. നിലവിൽ ബിജെപി അംഗമായ ശ്യാംകുമാർ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയമസഭയിൽ പ്രവേശിക്കരുതെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുകയാണ് ഈ വിധി.
ഭരണഘടനയുടെ 142-ാം വകുപ്പുപ്രകാരമുള്ള സവിശേഷാധികാരമുപയോഗിച്ചാണ് സുപ്രീംകോടതിയുടെ നടപടി. 2017-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ശ്യാംകുമാർ പിന്നീട് ബി.ജെ.പി. സർക്കാരിൽ ചേർന്നു. ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ ഇതുവരെ സ്പീക്കർ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി.
മണിപ്പുരിലെ 13 എം.എൽ.എ.മാരുടെ അയോഗ്യത സംബന്ധിച്ച പരാതിയിൽ 2017 ഏപ്രിൽ മുതൽ സ്പീക്കർ തീരുമാനമെടുക്കാതിരിക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ജനുവരിയിൽ ശക്തമായി വിമർശിച്ചിരുന്നു. നാലാഴ്ചയ്ക്കകം സ്പീക്കർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
തീരുമാനമെടുക്കാൻ മാർച്ച് 28 വരെ സമയം നൽകണമെന്ന് സ്പീക്കർ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, തങ്ങളുടെ സവിശേഷാധികാരം ഉപയോഗിക്കാൻ നിർബന്ധിതരായെന്ന് ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എസ്. രവീന്ദ്രഭട്ട് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ശ്യാംകുമാറിനെ ഉടൻ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതായും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സഭയിൽ പ്രവേശിക്കരുതെന്നും ബെഞ്ച് പറഞ്ഞു. കേസ് മാർച്ച് 30-ന് വീണ്ടും പരിഗണിക്കും.
എം.എൽ.എ.മാരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരം സംബന്ധിച്ച് പാർലമെന്റ് പുനർവിചിന്തനം നടത്തണമെന്ന് സുപ്രീംകോടതി ജനുവരിയിൽ പറഞ്ഞിരുന്നു. അയോഗ്യത സംബന്ധിച്ച പരാതികളിൽ സ്പീക്കർ കഴിയുമെങ്കിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും അന്നത്തെ വിധിയിൽ നിരീക്ഷിച്ചു.
