കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് മദ്ധ്യപ്രദേശിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനമായി. സിന്ധ്യയെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സിന്ധ്യയ്‌ക്ക് കേന്ദ്രമന്ത്രി സ്ഥാനവും വാഗ്‌ദാനം ചെയ്‌തതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് ഗവൺമെൻ്റ് ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. അവിശ്വാസം കൊണ്ടുവരാൻ ബിജെപി ശ്രമം നടത്തുന്നു.
എന്നാൽ അവിശ്വാസ പ്രമേയം അടക്കമുള്ള കാര്യങ്ങളിൽ ബിജെപി മെല്ലെപ്പോക്ക് നടത്തുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനവും ഒരുദിവസം താമസിച്ചായിരുന്നു. കർണ്ണാടകയിലേക്ക് മാറ്റിയ എംഎൽഎമാരുടെ മനംമാറ്റമാണ് ഇപ്പോഴുള്ള മെല്ലെപ്പോക്കിന് കാരണമെന്നാണ് വിവരം. കർണ്ണാടകയിലുള്ള എംഎൽഎമാരുടെ കാര്യത്തിൽ പ്രമുഖ നേതാവ് ഡികെ ശിവകുമാർ ഇടപെട്ടിരിക്കുകയാണ്.
മധ്യപ്രദേശിലെ വിമത എംഎല്‍എമാരില്‍ ഏറിയ പങ്കും തിരികെയെത്തുമെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. എംഎല്‍എമാരെ ജ്യോതിരാദിത്യ സിന്ധ്യ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് കോണ്‍ഗ്രസ് നേതാവായ ശോഭാ ഒസ അവകാശപ്പെട്ടത്. ഇവരെല്ലാം തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. ബിജെപിയിലേക്ക് പോകുന്നതിനോട് ഇവര്‍ ക്ഷുഭിതരാണെന്നും ശോഭ ഒസ നേരത്തെ ഭോപ്പാലില്‍ പറഞ്ഞിരുന്നു.
19 എംഎല്‍എമാര്‍ കര്‍ണാടകയില്‍ പൊലീസ് കസ്റ്റഡിയിലാണുള്ളതെന്നും ഡി കെ ശിവകുമാര്‍ എന്‍ ഡി ടിവിയോട് പറഞ്ഞു. ഇവരെ തിരികെയെത്തിക്കാനുള്ള വഴികള്‍ തേടുന്നുണ്ട്. ഈ പ്രശ്‌നം ഒരുപാട് മുന്നോട്ട് പോകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ അപകടത്തിലല്ലെന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. പോയവരെ ഒരു മീറ്റിംഗിന് എന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നുണ്ട്.
230 അംഗ നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിനുണ്ടായിരുന്നത് 120 എംഎല്‍എമാരായിരുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായത് 116 എംഎല്‍എമാരാണ്. നിലവില്‍ രാജി നല്‍കിയ 22 എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ കേവല ഭൂരിപക്ഷം 104 ആയി ചുരുങ്ങും. ആ സാഹചര്യത്തില്‍ ബിജെപിക്ക് 107 എംഎല്‍എമാരും കോണ്‍ഗ്രസിന് 100 എംഎല്‍എമാരുമാണ് ഉണ്ടാവുക. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുടേയും പിന്തുണയോടെയാണ് കോണ്‍ഗ്രസിന് 100 എംഎല്‍എമാരുണ്ടാവുക.
എന്നാൽ മന്ത്രിസഭ വീഴില്ലെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാക്കൾ ഉറപ്പിച്ച് പറയുന്നുണ്ട്. ബിജെപിക്ക് മഹാരാഷ്ട്രയിലെ ഗതിയാണ് വരാൻ പോകുന്നതെന്നും ചിന്തിക്കുന്നവരുണ്ട്. മന്ത്രിസഭ വീഴില്ലെന്ന് മുഖ്യമന്ത്രി കമൽനാഥിൻ്റെ മകൻ നകുൽനാഥ് ഉറപ്പ് നൽകി. രാജിവച്ച 22 എംഎൽഎമാരും തിരികെ പാർട്ടിയിൽ എത്തുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കോൺഗ്രസ്.
