കോൺഗ്രസിൽ പൊട്ടിത്തെറി: മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി: ബിജെപിയുമായി രഹസ്യ ധാരണയെന്ന് വിമർശനം

നേതൃമാറ്റം ആവശ്യപ്പെട്ടു മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കത്ത് എഴുതിയതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലായപ്പോള്‍ നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി.

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുകയും സോണിയ അസുഖബാധിതയായിരിക്കുന്ന സമയമായിട്ടും എന്തിനാണ് കത്ത് അയച്ചതെന്ന് രാഹുല്‍ ചോദിച്ചു. കത്ത് എഴുതിയവര്‍ ബി.ജെ.പിയുമായി രഹസ്യധാരണയിലുള്ളവരാണെന്നും രാഹുല്‍ ആരോപിച്ചു.

എന്നാൽ പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കപില്‍ സിബല്‍ പരസ്യമായി രംഗത്തെത്തി. ഗുലാം നബി ആസാദും രാഹുലിന്റെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെ കോൺഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവന്നു.

എം.പിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 26 ഉന്നത കോണ്‍ഗ്രസ് നേതാക്കളാണ് കത്ത് എഴുതിയത്. കോണ്‍ഗ്രസിന് മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്നായിരുന്നു കത്തിലെ ആവശ്യം. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സോണിയാഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ അറിയിച്ചു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാനും സോണിയ യോഗത്തില്‍ ആവശ്യപ്പെട്ടു.

Vinkmag ad

Read Previous

രാഷ്ട്രീയക്കാരനല്ലെന്ന് രഞ്ജൻ ഗൊഗോയ്; രാജ്യസഭാ അംഗത്വം സ്വീകരിച്ചത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനല്ല

Read Next

സത്യവാങ്മൂലം സുപ്രീംകോടതി ഇന്ന് പരിഗണിക്കും; മാപ്പില്ലെന്ന നിലപാടില്‍ ഉറച്ച് പ്രശാന്ത് ഭൂഷണ്‍

Leave a Reply

Most Popular