തിരക്കുള്ളിടത്ത് കോവിഡ്-19 വൈറസ് വായുവിലൂടെ പകരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന. വായുവിലൂടെ പകരുമെന്നതിനു പുതിയ തെളിവുകള്‍ സംഘടന സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയും വിശകലനംചെയ്യുകയും വേണ്ടിവരുമെന്നുമാണ് സംഘടനയുടെ നിലപാട്.
വൈറസ് വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നും അതുപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നും ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍നിന്നുള്ള 239 ഗവേഷകര്‍ കഴിഞ്ഞ ദിവസം ഡബ്ല്യുഎച്ച്ഒയ്ക്ക് കത്തു നല്‍കിയിരുന്നു.
വായുവിലൂടെയും ചെറുകണികകളിലൂടെയും വൈറസ് പടരുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്ന് ഡബ്ല്യുഎച്ച്ഒ കോവിഡ് ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. കത്തു നല്‍കിയ പല ഗവേഷകരുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞു.
പൊതുകൂടിച്ചേരലുകള്‍, ആള്‍ക്കൂട്ടം, വായൂ സഞ്ചാരം കുറഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡബ്ല്യുഎച്ച്ഒ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം ടെക്‌നിക്കല്‍ ലീഡ് ബെനഡേറ്റ അലെഗ്രാന്‍സി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
രോഗിയായ ആള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന സ്രവത്തില്‍നിന്നാണ് കൊറോണ വൈറസ് വ്യാപിക്കുന്നതെന്നാണ് നിലവിലുള്ള ഡബ്ല്യുഎച്ച്ഒ വിശദീകരണം. എന്നാല്‍ ഇത്തരത്തില്‍ പുറത്തുവരുന്ന ചെറുസ്രവകണം വായുവില്‍ തങ്ങിനിന്ന് മറ്റുള്ളവര്‍ ശ്വാസമെടുക്കുമ്പോള്‍ ഉള്ളിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇപ്പോള്‍ ഗവേഷകര്‍ മുന്നോട്ടുവച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡബ്ല്യുഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചാല്‍ ഒരു മീറ്റര്‍ സാമൂഹിക അകലം എന്ന നിര്‍ദേശമുള്‍പ്പെടെ അപര്യാപ്തമാകും. വൈറസ് നിയന്ത്രണത്തിനായി കൂടുതല്‍ കര്‍ശന നടപടികള്‍ സര്‍ക്കാരുകള്‍ക്കു സ്വീകരിക്കേണ്ടിയും വരും. ഈ ഘട്ടത്തില്‍ മാസ്‌കിൻ്റെ പ്രസക്തി വര്‍ധിക്കുമെന്ന് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
