കോവിഡ് 19: ഡൽഹി ദുരിതക്കയത്തിൽ; മരിച്ചവരുടെ കണക്കുകൾ സർക്കാർ മറച്ചുവയ്ക്കുന്നു

കോവിഡ് മഹാമാരിയിൽ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് രാജ്യതലസ്ഥാനമായ ഡൽഹി. വൈറസ് വ്യാപനം അനിയന്ത്രിതമായി പെരുകുമ്പോഴും സർക്കാരിന് കാര്യമായി ഒന്നുംതന്നെ ചെയ്യാനാകുന്നില്ലെന്നതും പ്രതിസന്ധിക്ക് ആഴം കൂട്ടുന്നു.

ഇതിനിടെ ഡൽഹി അനുഭവിക്കുന്ന ദുരിതത്തിൻ്റെ ആഴം വ്യക്തമാക്കി മറച്ചുവയ്ക്കപ്പെട്ട ചില കണക്കുകൾ പുറത്തുവന്നു. സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവച്ചെന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കണക്കുകളാണ് കേജ്രിവാൾ സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്.  ഇതുവരെ 2098 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നാണ് വടക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ് പ്രകാശിന്റെ വെളിപ്പെടുത്തൽ.

എന്നാൽ, ബുധനാഴ്ചവരെയുള്ള സംസ്ഥാന സർക്കാർ കണക്കിൽ മരണസംഖ്യ 984 മാത്രമാണ്. മൂന്നു മുനിസിപ്പൽ കോർപ്പറേഷനുകളുടെയും പരിധിയിൽ സംസ്‌കരിച്ച മൃതദേഹങ്ങളുടെ കണക്കു നിരത്തിയാണ് ജെയ് പ്രകാശിന്റെ വെളിപ്പെടുത്തൽ. മാർച്ച്മുതൽ ജൂൺ പത്തു വരെയുള്ള കണക്കിൽ 2098 പേർ മരിച്ചു.

കോവിഡ് ബാധിച്ചു മരിച്ചതെന്നു സംശയിക്കുന്ന 200 പേരുടെ മൃതദേഹവും ഇതിൽ ഉൾപ്പെടും. മരണസംഖ്യ ശേഖരിച്ച് മേയ് 17-ന് മൂന്നു കോർപ്പറേഷനുകളും സർക്കാരിനു സമർപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് യഥാർഥ കണക്കുകൾ സർക്കാർ മറച്ചുവെക്കുന്നതെന്ന് അറിയില്ലെന്നും ജെയ് പ്രകാശ് പറഞ്ഞു.

രോഗവ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ ഡൽഹിയിൽ കർശനമായ അടച്ചിടൽ ആവശ്യപ്പെട്ട് അഭിഭാഷകൻ അനിർബാൻ മണ്ഡൽ ഹൈക്കോടതിയിൽ പൊതുതാത്‌പര്യഹർജി നൽകി. ആരാധനാലയങ്ങളും മാളുകളും ഭക്ഷണശാലകളുമൊക്കെ തുറക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയുമൊക്കെ ചെയ്തതോടെ ഡൽഹിയിൽ കോവിഡ് കുതിച്ചുയർന്നെന്നാണ് പൊതുതാത്‌പര്യ ഹർജിയിലെ വാദം.

ആശുപത്രികളിൽ കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയുടെ വലിയ അഭാവമുണ്ടെന്നും ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കർശനമായ അടച്ചിടൽ ഏർപ്പെടുത്താൻ ഉത്തരവിടണമെന്നാണ് ആവശ്യം.

ഇതിനിടെ, മനുഷ്യാവകാശ കമ്മിഷൻ സംഘം കോവിഡ് ആശുപത്രിയായ എൽ.എൻ.ജെ.പി.യിൽ മിന്നൽ പരിശോധന നടത്തി. സർക്കാർ മതിയായ സൗകര്യമൊരുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ കഴിഞ്ഞദിവസം കമ്മിഷൻ ഡൽഹി സർക്കാരിനു നോട്ടീസയച്ചിരുന്നു.

Vinkmag ad

Read Previous

രാജസ്ഥാനിലും ബിജെപി കുതിരക്കച്ചവടത്തിന്; രാജ്യസഭ തെരഞ്ഞെടുപ്പ് നടത്താത്തതിലും ഗൂഢലക്ഷ്യം

Read Next

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇന്ത്യ നാലാം സ്ഥാനത്ത്

Leave a Reply

Most Popular