കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യാൻ പുതിയ മാർഗനിർദ്ദേശം. കേന്ദ്രസർക്കാരാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. നേരിയ രോഗലക്ഷണം ഉള്ളവരിൽ മൂന്ന് ദിവസം പനി ഇല്ലെങ്കിൽ പത്തുദിവസത്തിന് ശേഷവും രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ ടെസ്റ്റ് ചെയ്യാതെയും ഡിസ്‍ചാർജ് ചെയ്യാം. പക്ഷേ, ഇവർ വീട്ടിലെത്തി ഏഴ് ദിവസം സമ്പർക്കവിലക്കിൽ നിർബന്ധമായും കഴിയണം.
രോഗ തീവ്രത കുറഞ്ഞ വിഭാഗത്തിലുള്ളവരുടെ പനി മൂന്ന് ദിവസത്തിനുള്ളിൽ മാറുകയും ഓക്സിജൻസാച്ചുറേഷൻ 95 ശതമാനത്തിന് മുകളിൽ നിൽക്കുകയും ചെയ്താൽ 10 ദിവസത്തിന് ശേഷം ഡിസ്‍ചാർജ് ചെയ്യാം. ഇവരും ഏഴ് ദിവസത്തെ സമ്പർക്കവിലക്ക് പാലിക്കണം. മൂന്ന് ദിവസത്തിനുള്ളിൽ പനി മാറാതിരിക്കുകയും ഓക്സിജൻ തെറാപ്പി തുടരുകയും ചെയ്യണമെങ്കിൽ ഡിസ്‍ചാർജ് നീളും. ലക്ഷണങ്ങൾ പൂർണമായി മാറിയശേഷമായിരിക്കും ഇവരെ ഡിസ്ചാർജ് ചെയ്യുക. തീവ്രത കൂടിയവരെ പി.സി.ആർ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയതിന് ശേഷം മാത്രം ഡിസ്‍ചാർജ് ചെയ്യണം.
ഗുരുതരമായി രോഗം ബാധിച്ചവർക്ക് മാത്രം ഡിസ്‍ചാർജിന് മുമ്പ് ടെസ്റ്റ് മതിയെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.നിലവിൽ രോഗം ഭേദമായവർക്ക് ആശുപത്രി വിടുന്നതിന് മുമ്പ് രണ്ടുതവണയാണ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്.
