ലോകത്ത് കൊറോണ വൈറസ് ബാധ (കോവിഡ് 19) മൂലം മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 4011 പേർ മരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ഇവിടെ മാത്രം 3136 പേർ മരണപ്പെട്ടു.
ചൈന കഴിഞ്ഞാൽ കോവിഡ് വിനാശകാരിയായിരിക്കുന്നത് ഇറ്റലിയിലാണ്, 463 പേർ മരണപ്പെട്ടു, ഇറാനിൽ 237, ദക്ഷിണ കൊറിയയിൽ 51, യുഎസിൽ 26 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ. 100 ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപിക്കുമ്പോഴും ആശ്വാസമായി ചില കണക്കുകളുണ്ട്. രോഗം വന്നവരിൽ അറുപതിനായിരത്തലധികം ആളുകൾക്കും അത് ഭേദമായി. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മഹാരോഗമുണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പ്രശ്നം അതീവ ഗുരുതരമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. 16 ദശലക്ഷം ആളുകള്‍ നിരീക്ഷണത്തിലാണ്. ഇന്നലെ മാത്രം മരിച്ചത് 97 പേര്‍. 1797 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണത്തിന്‍റെ ഭാഗമായി രാജ്യം മുഴുവന്‍ അടച്ചിടുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് മുതല്‍ തീരുമാനം നടപ്പാക്കും. ഏപ്രില്‍ മൂന്ന് വരെ ഇറ്റലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
പത്തനംതിട്ടയില്‍ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്കാണ് നിലവില്‍ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
