രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്. മാഹാരാഷ്ട്ര ഗുജറാത്ത് തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ചതോടെ കോവിഡ് വ്യാപനം ഭീതിജനകമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. രാജ്യത്ത് ഇതുവരെ 70,768 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മെയ് 15 ആകുന്നതോടെ ഇന്ത്യയില്‍ 65,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നായിരുന്നു നിതി ആയോഗിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം ദിവസങ്ങള്‍ ഇനിയും ബാക്കി നില്‍ക്കെയാണ് രോഗികളുടെ എണ്ണത്തില്‍ അയ്യായിരത്തിലധികം വര്‍ധവുണ്ടായിരിക്കുന്നത്.
ലോക്ക്ഡൗണില്‍ നല്‍കിയ ഇളവുകളാണ് കേസുകള്‍ ഈ വിധം വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തലുണ്ട്. ഈ നിരക്കനുസരിച്ചു പോയാല്‍ അടുത്ത 15 ദിവസം കൊണ്ട് ഒരു ലക്ഷം പുതിയ കേസുകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം. ഓഗസ്റ്റ് പകുതിയോടെ രാജ്യത്തു 2.74 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നായിരുന്നു ഏപ്രില്‍ 27ലെ നിതി ആയോഗ് റിപ്പോര്‍ട്ട്. അന്ന് 12 ദിവസമെന്ന നിരക്കിലായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിച്ചിരുന്നത്. ഇത് ഇടയ്ക്കു മെച്ചപ്പെട്ടാലും ലോക്ഡൗണ്‍ മാറുമ്പോള്‍ സ്ഥിതി രൂക്ഷമാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്.
മുംബൈയില്‍ ഇതിനകം തന്നെ കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ സൂചനകള്‍ കാണിച്ചുകഴിഞ്ഞു. മഹാരാഷ്ട്ര രോഗ നിരീക്ഷണ-നിയന്ത്രണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംസ്ഥാനത്തെ മറ്റു ചില ഇടങ്ങളിലും സാമൂഹ്യ വ്യാപനത്തിനു സമാനമായ അവസ്ഥയാണെന്ന് അദ്ദേഹം പറയുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ ആകെ 23,401 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇന്നലെ മാത്രം 36 പേര്‍ മരിക്കുകയും 1230 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ആകെ മരണം 868 ആയി. ഇതില്‍ 14,355 രോഗികളും 528 മരണവും മുംബൈയിലാണ്. ധാരാവിയില്‍ മാത്രം 916 കോവിഡ് രോഗികളുണ്ട്.
