കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കി എന്നാരോപിച്ച് 69 തബ്‍ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ ജയിലിലടച്ചു.രണ്ട് ദിവസമായി ഭോപാൽ ജില്ല കോടതിയാണ് അസാധാരണ ഉത്തരവിലൂടെ തബ്‍ലീഗി പ്രവർത്തകരെ ജയിലിലാക്കിയത്. ഇവരിൽ 54 പേരും വിദേശികളാണ്.
രാജ്യത്ത് ആദ്യമായാണ് കോവിഡ് വ്യാപനത്തിന് കാരണമായെന്ന പേരിൽ ജയിലിലടക്കുന്നത്. ജസ്റ്റിസ് സുരേഷ് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റിഡിയിലാണ് 51 അംഗ തബ്‍ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ വെള്ളിയാഴ്ച്ച അയച്ചത്. ഇതിന് മുമ്പ് മെയ് 14ന് 18 പേരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരുന്നു. ഇവരുടെയെല്ലാം ജാമ്യാപേക്ഷയും കോടതി നിരസിച്ചു.
ഐ.പി.സി സെക്ഷന്‍ 188, 269,51 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വിദേശികളായ തബ്‍ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ 1946ലെ ഫോറിനേഴ്സ് ആക്ട് സെക്ഷന്‍ 13,14 പ്രകാരം കേസ് ചുമത്തുകയും പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഭോപ്പാലിലെ വ്യത്യസ്ത സ്റ്റേഷനുകളായ ഐഷ്ബാഗ്, പിപ്‍ലാനി, മംഗള്‍വാര, ഷംല ഹില്‍സ്, തലൈയ എന്നിവിടങ്ങളിലാണ് തബ്‍ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
ഡല്‍ഹി തബ്‍ലീഗി ജമാഅത്ത് മര്‍ക്കസില്‍ പങ്കെടുത്ത് മടങ്ങിയ ഇവര്‍ യാത്രാ വിവരം മറച്ചുവെച്ചു എന്നാരോപിച്ചാണ് പൊലീസ് കേസ് രജീസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു മാസത്തെ ക്വാറന്‍റൈന് ശേഷമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ പേരെ വൈകാതെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കസാഖിസ്താന്‍, ഉസ്ബെകിസ്താന്‍, ഇന്തോനേഷ്യ, മ്യാന്മര്‍, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, കാനഡ, ലണ്ടന്‍, പെന്‍സില്‍വാനിയ എന്നീയിടങ്ങളില്‍ നിന്നുള്ള വിദേശികളാണ് കസ്റ്റഡിയിലുള്ള 54 പേര്‍. മറ്റു പതിനഞ്ച് പേര്‍ ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, ഭോപാല്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
