കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ആശ്വാസം പകരുന്ന ഒന്നാണ് ലോകത്തിൻ്റെ പല ഭാഗങ്ങളിലായി നടക്കുന്ന പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ. വാക്സിനായുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങൾ പലയിടത്തും പുതിയ ഘട്ടങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്.
ഇതിനിടെ പോരാട്ടത്തിന് പുതിയ പ്രത്യാശ നൽകി ചൈനയും എത്തിയിരിക്കുകയാണ്. തങ്ങൾ വികസിപ്പിച്ച വാക്സിൻ ആദ്യഘട്ട പരീക്ഷണത്തിൽ ആശാവഹമായ ഫലം നൽകിയെന്നാണ് ചൈന അവകാശപ്പെട്ടിരിക്കുന്നത്. 18-60 പ്രായപരിധിയിലുളള 108 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തിയത്.
വാക്സിൻ സ്വീകരിച്ചവരിൽ ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധശേഷി വര്‍ധിച്ചതായി പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദി ലാൻസെറ്റ്’ ലേഖനത്തിൽ അവകാശപ്പെടുന്നു. ആദ്യ ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത രോഗികളില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന കോശങ്ങള്‍ ഉത്പാദിപ്പിച്ചതായി കണ്ടെത്തി.
ടി സെല്‍സ് എന്ന് പേരുളള കോശങ്ങളാണ് ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാഴ്ചക്കിടെയാണ് ഇവ പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടത്. വാക്സിന് നല്കി 28-ാമത്തെ ദിവസം ആന്റിബോഡീസിന് രോഗപ്രതിരോധ ശേഷി കൈവരിക്കാൻ സാധിച്ചത് പ്രതീക്ഷ നല്‍കുന്നതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചൈനയിലെ ജിയാംഗ്സു പ്രോവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ പ്രഫസർ ഫെംഗ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. പരീക്ഷണം പൂർണ വിജയമെന്നു പറയാൻ ഇനിയും സമയം ആവശ്യമാണ്. പാർശ്വഫലങ്ങൾ സൃഷ്ടിക്കുമോ എന്നത് സംബന്ധിച്ച് കൂടുതൽ ഗവേഷണം വേണം. ആറു മാസത്തിനുള്ളിൽ അന്തിമഫലം ലഭിക്കുമെന്നും പരീക്ഷണത്തിനു നേതൃത്വം നൽകിയവർ പറയുന്നു.
