കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽവച്ച് പീഡിപ്പിച്ചു. കേസിൽ 108 ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കായംകുളം കീരിക്കോട് സ്വദേശി നൗഫൽ(29) ആണ് അറസ്റ്റിലായത്. ആറന്മുളയിൽ രാത്രി ഒരു മണിയോടെയാണ് സംഭവം.
ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിയതിന് ശേഷമാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്. പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം.
ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി.
തുടർന്ന് പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് കെയർ സെന്ററിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയായിരുന്നു. നൗഫൽ വധശ്രമക്കേസ് പ്രതിയാണെന്ന് എസ്‌പി കെ.ജി.സൈമൺ പറഞ്ഞു. നൗഫലിനെ ജോലിയിൽ നിന്ന് നീക്കി. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.
