കോവിഡ് രോഗികളോട് മാനുഷികമായ ഒരു പരിഗണനയും കാണിക്കാതെ ഉത്തര്‍പ്രദേശിലെ ആശുപത്രികള്ളും സർക്കാരും. രോഗികള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും പോലും അധികൃതര്‍ ലഭ്യമാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ രോഗികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊവിഡ് ആശുപത്രിയിലാണ് രോഗികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നത്. ഇതില്‍ പ്രതിഷേധിച്ച് രോഗികള്‍ ബഹളം വയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പ്രയാഗ് രാജിന്റെ കോട്വ ബാനി ഏരിയയിലെ എല്‍ 1 കാറ്റഗറി കൊവിഡ് 19 ആശുപത്രിയിലാണ് രോഗികളോട് അധികൃതര്‍ ക്രൂരത കാണിക്കുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, തങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറുന്നതെന്ന് രോഗികള്‍ വിളിച്ചുപറയുന്നത് കേള്‍ക്കാം.
‘ഞങ്ങളെന്താ മൃഗങ്ങളാണോ, നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളാക്കി മാറ്റി. ഞങ്ങള്‍ക്ക് വെള്ളം വേണ്ടേ’ എന്ന് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വിളിച്ചുപറയുന്ന രോഗിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോയെന്ന് ചോദിക്കുമ്പോള്‍ ആശുപത്രി കെട്ടിടത്തില്‍ കൂട്ടംകൂടിയവരെല്ലാം ഇല്ലെന്ന് പറയുന്നതും ദൃശ്യത്തിലുണ്ട്.
കിട്ടുന്നത് തന്നെ പാതി വെന്ത ഭക്ഷണമാണെന്ന് കൂട്ടത്തിലുള്ള ഒരു വയോധികന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കൈവശം പണമില്ലാഞ്ഞിട്ടാണെങ്കില്‍ ഞങ്ങള്‍ പണം തരാമെന്നും ചിലര്‍ പറയുന്നുണ്ട്. ‘നിങ്ങളുടെ കൈയില്‍ പണമില്ലെങ്കില്‍ ഞങ്ങളില്‍ നിന്ന് പണം ഈടാക്കിക്കൊള്ളൂ. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഞങ്ങള്‍ വീട്ടിലേക്ക് പോകുമെന്ന് അധികാരികളോട് പറയണമെന്ന് ഒരു സ്ത്രീ വിളിച്ചുപറയുന്നുണ്ട്.
ഇത്തരം സംഭവങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ യുപിയിലെ ലെവല്‍ 2, ലെവല്‍ 3 ആശുപത്രികളിലെ കൊവിഡ് 19 ഇന്‍സുലേഷന്‍ വാര്‍ഡുകളില്‍ രോഗികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചിരുന്നു. ഇത് വിവാദമാവുകയും കടുത്ത വിമര്‍ശനത്തിനു കാരണമാവുകയും ചെയ്തതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
