കോവിഡ് സ്ഥിരീകരിച്ചവരുടെ പേരും വിശദ വിവരങ്ങളും പുറത്തായി. ജില്ല മെഡിക്കൽ ഓഫീസർ പൊലീസിന് കൊടുത്ത രോഗികളുടെ പട്ടികയാണ് പുറത്തായിരിക്കുന്നത്. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ പട്ടികയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കൊറോണ വൈറസ് ബാധിതരുള്ള കേരളത്തിലെ രണ്ടു ജില്ലകളിലെ കൊറോണ രോഗികളുടെ വിശദപട്ടിക പുറത്തായത് വിവാദമാവുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്തകള്‍ നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പോലും രോഗികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുമ്പോഴാണ് പട്ടിക അപ്പാടെ പുറത്തായിരിക്കുന്നത്.
കാസര്‍കോട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പോലിസിന് നല്‍കിയ പട്ടികയാണ് പുറത്തായതെന്നാണു വിവരം. കണ്ണൂരില്‍ രണ്ടുദിവസം മുമ്പ് തന്നെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ പട്ടിക പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. രോഗബാധിതരുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പട്ടിക പുറത്തായത് അവരുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാമൂഹിക ബഹിഷ്‌കരണത്തിനു കാരണമായേക്കുമെന്ന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
കാസര്‍കോട്ട് പട്ടിക പുറത്തുവിട്ടത് ആരോഗ്യവകുപ്പെല്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചിന് നല്‍കിയ പട്ടികയാണ് പുറത്തായതെന്നുമാണ് ഡിഎംഒ രാംദാസ് പറയുന്നത്. സംഭവത്തില്‍ ഡിഎംഒ പോലിസിന് പരാതിയും നല്‍കിയിട്ടുണ്ട്. അതേസമയം, ചിലരുടം പേരുവിവരങ്ങള്‍ ഒഴിവാക്കിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കാസര്‍കോട്ടെ പട്ടിക പുറത്തുവിട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തെത്തി.
