അറബ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്നലെ വരെ 111 പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി മരിച്ചത്. പ്രവാസി ലോകത്ത് മരിച്ചവരിലേറെയും യുവാക്കളാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പതിനൊന്ന് മലയാളികളാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യുഎ.ഇയിലാണ്. മരിച്ചവരില്‍ പകുതിയിലേറെ പേരും യുവാക്കളാണ്. 75 മലയാളി മരണമാണ് ഇതുവരെ യു.എ.ഇയില്‍ രേഖപ്പെടുത്തിയത്.
മലപ്പുറം സ്വദേശികളായ റഫീഖ്, താഹ, കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ലം, തൃശൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, കോഴിക്കോട് സ്വദേശികളായ അബ്ദുര്‍റഹ്മാന്‍, അനസ് പത്തുകാലന്‍, ആലപ്പുഴ േജാഫി ബി ജോബ്, തിരുവല്ല സ്വദേശി ജയചന്ദ്രന്‍ എന്നിവരാണ് യു.എ.ഇയില്‍ മരിച്ചത്. തിരുവനന്തപുരം സ്വദേശി സുകുമാരന്‍ മാനുവല്‍ ആണ് കുവൈത്തില്‍ മരിച്ചത്. സൗദിയിലെ ജുബൈലില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് വി.പിയാണ് ഇന്നു മരിച്ചത്. 52 വയസുണ്ട്.
യു.എ.ഇക്കു പുറമെ കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലും കോവിഡ് ബാധിത മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുവൈത്തിലും സൗദിയിലും 17 വീതം മലയാളികളാണ് മരിച്ചത്. ഒമാനിലാണ് രണ്ട് മലയാളി മരണം. അതേ സമയം ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ മലയാളികളാരും മരിച്ചിട്ടില്ല
