ഉത്തരാഖണ്ഡിൽ ചികിത്സയിലിരുന്ന കോവിഡ് 19 ബാധിതനായ വ്യക്തി ക്വാറൻ്റൈൻ കേന്ദ്രത്തിൽ നിന്നും പുറത്ത് ചാടി ബിജെപി നടത്തിയ പരിപാടിയിൽ പങ്കെടുത്തു. ഇയാൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
ബിജെപി മെയ് 25 ന് സംഘടിപ്പിച്ച സൗജന്യ റേഷൻ കിറ്റ് വിതരണ പരിപാടിയിലാണ് കോവിഡ് ബാധിതനും പങ്കെടുത്തത്. ഹരിദ്വാറിലെ രാംലീല മൈതാനത്താണ് പരിപാടി സംഘടിപ്പിച്ചത്. കേസ് ചാർജ്ജ് ചെയ്ത ശേഷം ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചടങ്ങിൽ പങ്കെടുത്തവർ കോവിഡ് രോഗ ഭീതിയിലാണെന്ന് അധികൃതർ പറഞ്ഞു. രോഗിയുമായി ഇടപഴകാൻ സാധ്യതയുള്ളവരെയെല്ലാം വീട്ടിൽ നിരീക്ഷണത്തിലാക്കിയെന്ന് ജില്ല അധികാരികൾ പറഞ്ഞു. നിരവധി ബിജെപി നേതാക്കളും അനുഭാവികളുമാണ് നിരീക്ഷണത്തിലുള്ളത്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കൊലപാതകശ്രമത്തിനുമാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ക്വാറൻ്റൈൻ കേന്ദ്രത്തിൽ നിന്നും ചാടിപ്പോകുമ്പോൾ ഇയാളുടെ റിസൽട്ട് വന്നിരുന്നില്ല. പരിപാടി കഴിഞ്ഞ് പിറ്റേ ദിവസമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
