കോവിഡ് ബാധിതൻ്റെ മൃതദേഹം ബസ്റ്റാൻ്റിൽ അനാഥമായി കിടക്കുന്ന നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദിൽ മെയ് 15ാം തീയ്യതിയാണ് സംഭവം. 67 വയസുള്ള ഇദ്ദേഹം അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
സംഭവത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. മെയ് 10നാണ് ഇദ്ദഹത്തിന് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് മകൻ ‘ദി ക്വിൻ്റി”നോട് പറഞ്ഞു. മൃതദേഹം ബസ്റ്റാൻ്റിൽ കിടക്കുകയാണെന്ന് കഴിഞ്ഞ ദിവസം പോലീസ് വിളിച്ച് അറിയച്ചപ്പോഴാണ് അറിഞ്ഞതെന്നും മകൻ പറയുന്നു.
മരണപ്പെട്ട വ്യക്തിക്ക് നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ആശുപത്രിയിൽ പ്രത്യക ചുമതലയുള്ള ഡോ. പ്രഭാകർ പറയുന്നത്. പുതിയ പ്രോട്ടോക്കോൾ പ്രകാരം വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുന്നതിനായി അദ്ദേഹത്തെ മൃതദേഹം ലഭിക്കുന്നതിൻ്റെ തലേദിവസം ഡിസ്ചാർജ് ചെയ്തെന്നും ഡോക്ടർ പറയുന്നു.
പതിനൊന്നായിരത്തോളം ആൾക്കാരിലാണ് ഗുജറാത്തിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 625 പേരാണ് ഇതുവരെ മരിച്ചത്. ഗുജറാത്ത് മോഡൽ എന്നത് വെറും മേനിപറച്ചിലാണെന്ന് തെളിഞ്ഞിരിക്കുന്ന അവസരത്തിലാണ് വലിയ ആശങ്കയുണർത്തുന്ന ഇപ്പോഴത്തെ മരണവും സംഭവിച്ചിരിക്കുന്നത്.
