കോവിഡ് മൂലം ഗൾഫിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം സൗദിയിൽ മൂന്നുപേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കുവൈറ്റിൽ ഒരാളും മരണത്തിന് കീഴടങ്ങി.
മലപ്പുറം തൃക്കലങ്ങോട്ട് സ്വദേശി അബ്ദുൽ ലത്തീഫ്, പാലക്കാട് പുതുക്കോട് സ്വദേശി രാജൻ എന്നിവർ ദമാമിലും കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൽ ഹമീദ് റിയാദിലുമാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 61 ആയി.
മലപ്പുറം കോഡൂർ സ്വദേശി കൂട്ടപ്പുലാൻ സൈതലവി കുവൈത്തിലാണ് മരിച്ചത്. 57കാരനായ സൈതലവി രണ്ടാഴ്ചയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 208 ആയി.
പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ ചികിത്സയിലിരിക്കുന്നവരുടെ മരണം പ്രവാസികളിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്.
