രാജ്യത്തെ ജനങ്ങൾ കോവിഡ് ബാധയിൽ കഷ്ടപ്പെടുമ്പോൾ കോടികൾ ചെലവാക്കി കൂറ്റൻ പ്രതിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. സ്വാമി വിവേകാനന്ദൻ്റെ പ്രതിമയാണ് നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിൻ്റെ നീക്കം വിവാദമാകുന്നു.
കർണാടകയിലെ മുത്യാലയ മദുവി വെള്ളച്ചാട്ടത്തിന് അടുത്ത് 120 അടിയുള്ള പ്രതിമ നിര്‍മിക്കാനാണ് പദ്ധതി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് യെദ്യൂരപ്പ സര്‍ക്കാരിൻ്റെ തീരുമാനം.
കോടികള്‍ ചെലവ് വരുന്ന പദ്ധതിയാണിത്. ഇതിനെതിരെ ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസ് രംഗത്തുവന്നു. ജനങ്ങള്‍ പ്രതിസന്ധി നേരിടുന്ന വേളയില്‍ പ്രതിമ നിര്‍മിക്കുകയല്ല വേണ്ടതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാരിന് മുന്‍ഗണനകളില്ല. പ്രതിമ പണിയാനുള്ള സമയമല്ല, സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമയമാണിത്. തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നുവരെ മുഖ്യമന്ത്രി ബാങ്കര്‍മാരുടേയോ കര്‍ഷകരുടെയോ യോഗം വിളിച്ചിട്ടില്ല. ഒരു രൂപ പോലും കര്‍ഷകരിലേക്കോ തൊഴിലാളികളിലേക്കോ എത്തിയിട്ടില്ല. ഈ സമയത്തല്ല, സര്‍ക്കാരിന് മതിയായ ഫണ്ട് ഉള്ളപ്പോള്‍ പ്രതിമ നിര്‍മ്മിക്കുക. സംസ്ഥാനത്തെയും രാജ്യത്തെയും രക്ഷിക്കാനുള്ള സമയമാണിത്.’ -ശിവകുമാര്‍ പറഞ്ഞു.
