കോവിഡുമായുള്ള യുദ്ധത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ചതിനാലാണ് ഇന്ത്യയ്ക്ക് ആദ്യഘട്ടത്തിൽ പിടിച്ചുനിൽക്കാനായത്. എന്നാൽ മൂന്നാംഘട്ട ലോക്ക്ഡൗണിന് ശേഷം രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനാകാത്തതും ശാസ്ത്രീയ മാർഗ്ഗങ്ങൾ കൈവെടിഞ്ഞ് പാരമ്പര്യ വാദങ്ങൾക്ക് ചെവികൊടുക്കുന്നതുമാണ് രാജ്യത്ത പിന്നാട്ടടിക്കുന്നതെന്ന് വിമർശകർ ആരോപണം ഉന്നയിക്കുന്നുണ്ട്.
അതിന് ഉദാഹരണമായി ബനാറസ് ഹിന്ദു സര്‍വകലാശാല മാറുകയാണ്. കോവിഡ് വ്യാപനത്തെ തടയാൻ ഗംഗാജലത്തിന് കഴിയുമെന്ന അവകാശവാദവുമായി വീണ്ടും എത്തിയിരിക്കുകയാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അദ്ധ്യാപകൻ.
ഗംഗാജലത്തില്‍ അടങ്ങിയിട്ടുളള ബാക്ടീരിയോഫേജിന് കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്ത് വ്യാപനം തടയാന്‍ സാധിക്കുമെന്ന് ഐഐടിയിലെ മുന്‍ സിവില്‍ എന്‍ജിനീയറിംഗ് പ്രൊഫസര്‍ കൂടിയായ യു കെ ചൗധരി അവകാശപ്പെടുന്നു. ബാക്ടീരിയകളെ നശിപ്പിക്കുന്ന ഒരു തരം വൈറസാണ് ബാക്ടീരിയോഫേജ്.
പുരാണങ്ങളില്‍ ഗംഗാജലത്തിന് ഔഷധ ഗുണമുണ്ടെന്ന് പറയുന്നുണ്ട്. രോഗാണുക്കളെ കൊല്ലാന്‍ ശേഷിയുളള ബാക്ടീരിയോഫേജ് ഗംഗാജലത്തില്‍ അടങ്ങിയിട്ടുളളതായി വിവിധ പഠനങ്ങളും വ്യക്തമാക്കുന്നു. അതിനാല്‍ കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ ഗംഗാജലത്തെ ഉചിതമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ചൗധരി ആവശ്യപ്പെടുന്നു.
ഇത്തരത്തിലുള്ള അശാസ്ത്രീയ ഉപദേശങ്ങൾ ഉന്നത വ്യക്തികൾ നൽകുന്നത് രാജ്യത്തിന് തിരിച്ചടിയാകുമെന്ന് നിരീക്ഷകർ കരുതുന്നു. ഗംഗയെ പവിത്ര നദിയായി കാണുന്നവർ ഇത് പരീക്ഷിക്കുകയും വലിയ കുഴപ്പത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യുമെന്നാണ് വിമർശനം ഉയരുന്നത്.
