കോവിഡ് മഹാമാരിയിൽ രാജ്യം വലയുമ്പോൾ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം മണ്ടത്തരങ്ങൾ പറഞ്ഞത് ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. തങ്ങൾ പുണ്യമായി കാണുന്ന ചാണകവും പശുമൂത്രവും പ്രതിരോധ സംവിധാനമായി പല നേതാക്കളും ഉയർത്തിക്കാട്ടി.
ഇപ്പോഴിതാ ചാണകത്തിനും പശുമൂത്രത്തിനും ഒപ്പം പുതിയൊരു കോവിഡ് പ്രതിരോധ മാർഗ്ഗം നിർദ്ദേശിച്ചിരിക്കുകയാണ് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. വൈറസിനെ ചെറുക്കുന്നതിനായി ഓഗസ്റ്റ് അഞ്ചുവരെ ഹനുമാനെ സ്തുതിക്കുന്ന മന്ത്രം (ചാലിസ) ചൊല്ലാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രജ്ഞ.
ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്നത്. അതുവരെ കോവിഡ് പിടിച്ചുനിർത്താനാണ് ഹനുമാർ സ്തോത്രം ചൊല്ലേണ്ടത്. ‘ജൂലായ് 25 മുതല്‍ ഓഗസ്റ്റ് അഞ്ചുവരെ ദിവസവും അഞ്ചുപ്രാവശ്യം എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് ഹനുമാന്‍ ചാലിസ ചൊല്ലണം.ഓഗസ്റ്റ് അഞ്ചിന് വിളക്കുകള്‍ തെളിച്ച്, രാമഭഗവാന് ആരതി അര്‍പ്പിച്ച് ഈ ചടങ്ങ് സമ്പൂര്‍ണമാക്കണം.’ പ്രജ്ഞ ട്വീറ്റ് ചെയ്തു.
ലോക്ഡൗണ്‍ ഓഗസ്റ്റ് നാലിന് അവസാനിക്കുമെങ്കിലും ഹനുമാന്‍ ചാലിസ ചൊല്ലുന്ന ചടങ്ങ് ഭൂമിപൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചുവരെ നടത്തണം. ആ ദിവസം ദീപാവലി പോലെ നമുക്ക് ആഘോഷിക്കാം. രാജ്യമെമ്പാടുമുള്ള ഹിന്ദുക്കള്‍ ഒരേശബ്ദത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയാല്‍ അത് തീര്‍ച്ചയായും ഫലം കാണും. നാം കൊറോണ വൈറസില്‍ നിന്ന് മുക്തരാകും. ഭഗവാന്‍ രാമനോടുളള നിങ്ങളുടെ പ്രാര്‍ഥനയാണ് അത്.’ പ്രജ്ഞ കൂട്ടിച്ചേര്‍ത്തു.
