കോവിഡ് പാക്കേജിൻ്റെ പേരിൽ കേന്ദ്രം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് കോൺഗ്രസ്. പാക്കേജിൽ ഉള്ളത് 20 ലക്ഷം കോടിയല്ലെന്നും 3.22 ലക്ഷം കോടി മാത്രമാണെന്നും കോൺഗ്രസ് ആരോപിച്ചു. ഇത് ജിഡിപിയുടെ 1.6 ശതമാനം മാത്രമാണെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
രാജ്യത്തെ ദരിദ്രരേയും ചെറുകിട ഇടത്തരം സംരംഭകരേയും നേരിട്ട് സാമ്പത്തികമായി സഹായിച്ചാല്‍ മാത്രമേ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന തകര്‍ച്ച കുറക്കാനാകൂ എന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
‘സര്‍ക്കാരിന്റെ പാക്കേജ് 3.22 ലക്ഷം കോടി മാത്രമേ ഉള്ളൂ. ഇത് ജി.ഡി.പിയുടെ 1.6 ശതമാനം മാത്രമാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയില്ല. ഞാന്‍ പറയുന്നത് തെറ്റാണെന്ന് തെളിയിക്കാന്‍ ധനകാര്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. വിഷയത്തില്‍ സംവാദത്തിനും തയ്യാറാണ്’ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആനന്ദ് ശര്‍മ പറഞ്ഞു.
ചോദ്യങ്ങള്‍ക്ക് ധനകാര്യമന്ത്രി ഉത്തരമല്ല ചോദ്യങ്ങളാണ് മറുപടിയായി നല്‍കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മ മൂലമാണ് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് നടന്ന് മടങ്ങേണ്ടി വന്നത്. ഇതിന് മറുപടി പറയാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. പൗരന്മാരുടെ പ്രാഥമിക അവകാശങ്ങള്‍ പോലും ഹനിക്കപ്പെട്ടതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പുപറയണമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
