വിചിത്ര നിയമം നടപ്പിലാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളജ് സമൂഹത്തിൽ കോവിഡ് പടർത്തുന്നെന്ന് പരാതി. കോവിഡ് വാർഡിൽ കൂട്ടിരിപ്പുകാർ വേണമെന്ന തലതിരിഞ്ഞ ആവശ്യമാണ് വിവാദമായിരിക്കുന്നത്.
ആശുപത്രി അധികൃതരുടെ നിർബന്ധം മൂലം വിദേശത്ത്നിന്നെത്തിയ വ്യക്തിക്ക് കൂട്ടിരുന്ന മകന് കോവിഡ് ബാധിച്ചതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്. കോവിഡ് നിരീക്ഷണ വാർഡിൽ കഴിയുന്നവർക്കാണ് കൂട്ടിരിപ്പുകാർ വേണമെന്ന നിർബന്ധമാണ് കാര്യങ്ങൾ വഷളാക്കുന്നത്.
ഉറവിടം കണ്ടെത്താനാകാത്ത രോഗികൾ പെരുകുന്ന തിരുവനന്തപുരത്ത് നിരുത്തരവാദപരമായ സമീപനമാണ് മെഡിക്കൽ കോളജ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. വിദേശത്തു നിന്നെത്തിയ പിതാവിന് കൂട്ടിരിപ്പുകാരനായി വാർഡിലേക്കു കടത്തിവിട്ട യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി രേഖകളുണ്ടെങ്കിലും ഔദ്യോഗിക കണക്കില്‍ പെടുത്തിയിട്ടില്ല.
കോവിഡ് പോസിറ്റീവായതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് വെളിപ്പെടുത്തിയ യുവാവ്, 14 ദിവസമായി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. നിലവില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കൊപ്പം കൂട്ടിരുപ്പുകാരായുണ്ടായിരുന്ന ഏഴുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി രേഖകളിലുണ്ട്.
കൊല്ലം സ്വദേശിയായ പ്രവാസി നാട്ടിലെത്തിയത് ഈ മാസം 18 നാണ്. രോഗലക്ഷ്ണങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് നേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നാലെ അന്വേഷിച്ചെത്തിയ മകനോട് പിതാവിന് കൂട്ടിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
