കൊറോണ വൈറസ് നിമിത്തം ഉണ്ടാകുന്ന ദുരിതങ്ങൾ നേരിടാൻ ജനങ്ങളിൽ നിന്നും സംഭാവന പിരിക്കാനായി പ്രധാനമന്ത്രി രൂപീകരിച്ച ‘പി.എം കെയേഴ്സ്’ ഫണ്ട് വിവാദത്തിൽ. പ്രധാനമന്ത്രിയുടെ പേരിൽ 1948 മുതൽ ദേശീയ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ പുതിയൊരു ട്രസ്റ്റ് ഉണ്ടാക്കി പണം ശേഖരിക്കുന്നതാണ് വിവാദത്തിന് കാരണം.
രാജ്യം നേരിടുന്ന മഹാമാരികളു ദുരന്തങ്ങളും നേരിടാൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ് കാലങ്ങളായി ഉപയോഗിച്ച് വരുന്നത്. എന്നാൽ കോവിഡ് 19 നെ നേരിടാൻ പെട്ടെന്ന് പ്രധാനമന്ത്രി ചെയർമാനായി ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ സഹായ നിധി രൂപീകരിച്ചിരിക്കുകയാണ് കേന്ദ്രം.
നിലവിലെ ട്രസ്റ്റിൻ്റെ നിയമങ്ങളും ചെലവ് രീതികളും അപൂർണ്ണവും ദുരൂഹമായതുമാണെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പുതിയ ട്രസ്റ്റിെൻറയും നിധിയുടെയും പ്രവർത്തനം സർക്കാർ വിശദീകരിക്കണമെന്ന് പാർട്ടി വക്താവ് പ്രഫ. ഗൗരവ് വല്ലഭ് ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാവരും സഹപൗരന്മാരുടെ ക്ഷേമത്തിൽ തൽപരരാണെന്നിരിക്കേ, പി.എം കെയേഴ്സ് എന്നതിനു പകരം ഇന്ത്യ കെയേഴ്സ് എന്നല്ലേ വേണ്ടിയിരുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.
പി.എം കെയേഴ്സ് ഫണ്ട് സുതാര്യമല്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ നിലവിലെ പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയുടെ പേര് മാറ്റിയാൽ മതിയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ പേരിലുള്ള ദേശീയ ദുരിതാശ്വാസ നിധിയിൽ ഇപ്പോൾ 3,800 കോടി രൂപ ബാക്കിയുണ്ടെന്നും പുതിയതൊന്ന് എന്തിനു വേണ്ടിയാണെന്നും കോൺഗ്രസ് ചോദിച്ചു.
നിരവധി ചോദ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ നിധി രൂപവത്കരണത്തെക്കുറിച്ച് ഉയരുന്നത്. ചരിത്രകാരനും സാമൂഹിക പ്രവർത്തകനുമായ രാമചന്ദ്ര ഗുഹ ഉയർത്തിക്കാട്ടുന്ന പ്രധാന ചോദ്യങ്ങൾ പലതാണ്. പി.എം കെയേഴ്സ് (പ്രധാനമന്ത്രി സംരക്ഷിക്കുന്നു) എന്ന പേര് നൽകി നരേന്ദ്രമോദി സ്വന്തം വിഗ്രഹ പ്രതിഷ്ഠക്ക് ദേശീയ ദുരന്തവും ദുരുപയോഗപ്പെടുത്തുകയാണോ എന്ന് അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരമൊരു ട്രസ്റ്റ് രൂപവത്കരിക്കാൻ എന്നു തീരുമാനിച്ചു? നിലവിൽ നിധി ഉള്ളപ്പോൾ പുതിയത് രൂപവത്കരിക്കുന്നതു കൊണ്ട് എന്താണ് പ്രത്യേക നേട്ടം. ട്രസ്റ്റിെൻറ നിയമാവലി എവിടെ കിട്ടും? ഏതു നിയമപ്രകാരമാണ് രജിസ്റ്റർ ചെയ്തത്? എവിടെയാണ് രജിസ്ട്രേഷൻ നടന്നത്? പ്രധാനമന്ത്രിയാണ് ചെയർമാനെന്നിരിക്കേ, ട്രസ്റ്റിെൻറ രജിസ്ട്രേഷന് സബ്രജിസ്ട്രാർ പ്രധാനമന്ത്രിയുടെ വസതിയിൽ പോവുകയായിരുന്നോ, പ്രധാനമന്ത്രി സബ്രജിസ്ട്രാറുടെ ഓഫിസിൽ ചെല്ലുകയായിരുന്നോ?
ട്രസ്റ്റിെൻറ ചെയർമാൻ പ്രധാനമന്ത്രിയാണോ നരേന്ദ്രമോദിയാണോ? ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലാണോ, വ്യക്തിപരമായാണോ മറ്റു മന്ത്രിമാർ ഇതിൽ അംഗങ്ങളായത്? പി.എം കെയേഴ്സ് ട്രസ്റ്റിെൻറ രജിസ്റ്റർ ചെയ്തിരിക്കുന്ന മേൽവിലാസം എന്താണ്? നടൻ അക്ഷയ്കുമാർ, പേ ടിഎം, ജയ് ഷാ തുടങ്ങിയവർ വ്യവസ്ഥാപിതമായ ‘പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി’ക്കു പകരം പുതിയ ട്രസ്റ്റിന് സംഭാവന ചെയ്യാൻ മത്സരിക്കുന്നത് എന്തുകൊണ്ടാണ്? നോട്ട് അസാധുവാക്കിയതിനു തൊട്ടുപിന്നാലെ മോദിയുടെ പടവുമായി പേ ടിഎം പരസ്യങ്ങൾ പത്രത്താളുകളിലും ചാനലുകളിലും നിറഞ്ഞത് മറക്കാറായിട്ടില്ലെന്നും രാമചന്ദ്ര ഗുഹ കൂട്ടിച്ചേർത്തു.
