കോവിഡ് മഹാമാരി രാജ്യത്ത് അനിയന്ത്രിതമായി പടരുമ്പോഴും കാര്യമായ പദ്ധതികളൊന്നുമില്ലാതെ തുടരുകയാണ് കേന്ദ്രം. വ്യാപകമായി കോവിഡ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കാത്ത കേന്ദ്ര നടപടിക്കെതിരെ ആഞ്ഞടിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ എം.പിയുമായ മഹുവ മൊയ്ത്ര
എന്‍ആര്‍സിയും എന്‍പിആറുമായി ബന്ധപ്പെടുത്തിയാണ് മൊയ്ത്രയുടെ വിമര്‍ശനം. വര്‍ഷങ്ങള്‍ പഴക്കമുള്ള പൗരത്വ രേഖ പരിശോധിക്കാന്‍ സമ്പത്തുള്ള സര്‍ക്കാറിന് കൊവിഡ് ടെസ്റ്റ് നടത്താന്‍ കഴിയുന്നില്ലെന്ന് ജൂണ്‍ ഏഴിനുള്ള തന്റെ ട്വീറ്റില്‍ അവര്‍ പരിഹസിക്കുന്നു.
‘ഓരോ ഇന്ത്യക്കാരന്റെയും 70 വര്‍ഷത്തോളം പഴക്കമുള്ള പൗരത്വരേഖകളില്‍ പരിശോധന നടത്താന്‍ ശേഷിയുള്ള കേന്ദ്രസര്‍ക്കാറിന് 130 കോടി ജനങ്ങളുടെ കൊവിഡ് ടെസ്റ്റ് നടത്തല്‍ അസാധ്യമെന്ന് പറയുന്നു’ ഇതായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്.
രാജ്യത്ത് ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാതലത്തിലാണ് മൊയ്ത്രയുടെ ട്വീറ്റ്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് ടെസ്റ്റുകള്‍ കുറവാണെന്ന വിമര്‍ശനം ശക്തമാണ്.
കോവിഡിന് മുമ്പ് മോദി സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന പദ്ധതിയായ പൗരത്വ രജിസ്റ്റർ അസമിൽ മാത്രം നടപ്പിലാക്കാൻ ചെലവായത് 1600 കോടി രൂപയാണ്. ഇത് പ്രകാരം രാജ്യമാകെ രേഖകൾ പരിശോധിക്കുന്നതിന് കോടാനുകോടി രൂപ വേണ്ടിവരുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമർശനം ഉയരുന്നത്.
