കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വീട്ടിലിരുന്ന് പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനഭാരം ലഘൂകരിക്കാൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. പഠനഭാരം കുറയ്ക്കുന്നതിനായി ഒൻപതു മുതൽ 12 വരെ ക്ലാസുകളിലെ സിലബസില്‍ 30 ശതമാനം കുറവു വരുത്തി.
ഇത് സംബന്ധിച്ച് മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ പ്രസ്താവന നടത്തി. കോവിഡ് മഹാമാരിയെ തുടർന്നു ലോകത്തും രാജ്യത്തും നിലനിൽക്കുന്ന അസാധാരണ സാഹചര്യം കാരണമാണു തീരുമാനം.
സിലബസിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധരിൽനിന്നു നേരത്തേ നിർദേശങ്ങൾ ക്ഷണിച്ചിരുന്നു. 1500 ൽ അധികം നിർദേശങ്ങളാണ് ഇങ്ങനെ ലഭിച്ചത്. മികച്ച പ്രതികരണത്തിന് എല്ലാവരോടും നന്ദി അറിയിക്കുന്നു– മന്ത്രി ട്വിറ്ററിൽ കുറിച്ചു.
എന്നാൽ, കോവിഡിനെ മറയാക്കി സുപ്രധാന പാഠഭാഗങ്ങളാണ് കേന്ദ്രമന്ത്രാലയം നീക്കം ചെയ്തതെന്ന വിമർശനം ഉയരുകയാണ്. സിബിഎസ്ഇ പത്താം ക്ലാസിലെ ‘ജനാധിപത്യവും വൈവിധ്യവും’, ‘ലിംഗം, മതം, ജാതി’, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്നീ പാഠഭാഗങ്ങളാണ് നീക്കം ചെയ്ത്ത്.
സിബിഎസ്ഇ 11-ാം ക്ലാസിലെ സിലബസിൽ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ പൂർണ്ണമായും ഒഴിവാക്കി. അടുത്ത അധ്യയന വർഷത്തേക്കുള്ള പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിലാണ് മാറ്റംവരുത്തിയിരിക്കുന്നത്.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സിലബസ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.
