കോവിഡ് ആദ്യം ബാധിച്ചത് വൃദ്ധദമ്പതികൾക്ക്; ചൈനയിൽ നിന്നും നിർണ്ണായക വെളിപ്പെടുത്തൽ എത്തി

ലോകജതയെ ഒന്നാകെ ഭീതിയിലാഴത്തിയിരിക്കുന്ന കോവിഡ് 19 രോഗം ആദ്യം ബാധിച്ച രോഗികൾ എത്തിയത്  ഹ്യൂബെ പ്രവിശ്യയിലെ വുഹാനിലെ വനിതാ ഡോക്ടര്‍ക്കു മുമ്പില്‍. ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വൈറസിന്റെ സ്രോതസ്സ് എവിടെയാണെന്ന് ചൈന വെളിപ്പെടുത്തുന്നില്ലെന്ന യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.  ഡിസംബര്‍ 25ന് ഹ്യൂബെ പ്രവിശ്യാ ആശുപത്രിയില്‍ എത്തിയ വൃദ്ധദമ്പതിമാര്‍ക്കാണ് ആദ്യമായി രോഗബാധ കണ്ടെത്തിയതെന്നാണ് ചൈനയുടെ റിപ്പോര്‍ട്ട്.

രോഗം മൂര്‍ച്ഛിച്ചതോടെ ഇവര്‍ വുഹാനില്‍ തന്നെയുള്ള ഒരു വനിതാ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി എത്തുകയായിരുന്നു. ഹ്യൂബെ പ്രവിശ്യാ ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഡയറക്ടറായ ഡോ. ഷാങ് ജിക്സിയാൻ എന്ന മുതിർന്ന വനിതാ ഡോക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെറുമൊരു പനിയെന്നേ വിചാരിച്ചുള്ളൂ. ഈ ഡോക്ടറാണ് പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതെന്ന് ചൈനയിലെ ഒദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് ബാധ ആദ്യമുണ്ടായത് ആർക്കാണ് എന്നറിയാൻ ശാസ്ത്രലോകവും ഏറെ താത്പര്യത്തോടെയാണ് കാത്തിരിക്കുന്നത്. ആദ്യത്തെ ആളെ കണ്ടെത്തിയാൽ എങ്ങനെയാണ് ഇയാൾക്കു രോഗം പകർന്നതെന്ന് വ്യക്തമായി അറിയാൻ കഴിയും. വൈറസ് മൃഗങ്ങളിൽനിന്നു മനുഷ്യരിലെത്തി പിന്നീട് മറ്റുള്ളവരിലേക്കു വ്യാപിക്കുകയായിരുന്നുവെന്ന നിഗമനം ശരിയാണോ എന്നു കൃത്യമായി തിരിച്ചറിയാനും ഇതു സഹായിക്കും.

ഡിസംബർ 25ന് എത്തിയ രോഗികൾക്ക് ന്യൂമോണിയയുടെ ലക്ഷണങ്ങളായ പനി, ചുമ, ക്ഷീണം എന്നിവയാണ് പ്രകടമായിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം ഇവരുടെ സി.ടി സ്‌കാൻ ലഭിച്ചപ്പോൾ പതിവു രോഗങ്ങളിൽനിന്നു വ്യത്യസ്തമായ ഒരു അവസ്ഥയാണ് തോന്നിയതെന്നു ഡോ. ഷാങ് ജിക്സിയാൻ ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയോടു പറഞ്ഞു.

2003ൽ സാർസ് രോഗബാധയുടെ സമയത്ത് വുഹാനിൽ സംശയമുള്ള രോഗികളെ പരിശോധിച്ചിരുന്ന ഡോ. ഷാങ്ങിന് ഒരു പകർച്ചവ്യാധിയുടെ ലക്ഷണങ്ങളാണ് സി.ടി സ്‌കാനിൽ കണ്ടെത്താൻ കഴിഞ്ഞത്. വൃദ്ധ ദമ്പതിമാരുടെ സി.ടി സ്‌കാൻ പരിശോധിച്ചതിനു പിന്നാലെ ഡോക്ടർ ഇവരുടെ മകന്റെ സി.ടി സ്‌കാൻ കൂടി എടുക്കാൻ നിർദേശിച്ചു.

യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതിരുന്ന മകൻ ഇതിനു വിസമ്മതിച്ചു. പണം തട്ടാനുള്ള തന്ത്രമാണെന്നാണ് അയാൾ ആദ്യം കരുതിയതെന്ന് ഡോ. ഷാങ് പറഞ്ഞു. എന്നാൽ ഇയാളെ നിർബന്ധിച്ച് സ്‌കാൻ ചെയ്തതോടെ രണ്ടാമത്തെ തെളിവും ഡോക്ടർക്കു മുന്നിലെത്തി. വൃദ്ധ ദമ്പതികളുടെ ശ്വാസകോശത്തിൽ കണ്ട അതേ അസാധാരണത്വം മകന്റെ പരിശോധനയിലും പ്രകടമായിരുന്നു. ഒരു പകർച്ചവ്യാധി അല്ലെങ്കിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ഒരേസമയത്ത് ഇത്തരം രോഗലക്ഷണം പ്രകടമാകില്ലെന്ന് ഡോ. ഷാങ് വിലയിരുത്തി. ഡിസംബർ 27ന് പനിയും ചുമയുമായി ആശുപത്രിയിലെത്തിയ ആളിന്റെ സി.ടി സ്‌കാനിലും സമാന ലക്ഷണങ്ങളാണ് കണ്ടെത്തിയത്. നാലു പേരുടെ രക്തം പരിശോധിച്ചതിലും വൈറസ് ബാധ കണ്ടെത്തി. എന്നാൽ പകർച്ചപ്പനിയുമായി ബന്ധപ്പെട്ടു നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആകുകയും ചെയ്തു.

ഒരു വൈറസ് രോഗം, മിക്കവാറും പടരാൻ സാദ്ധ്യതയുള്ളത് കണ്ടെത്തിയതായി ഡിസംബർ 27നു തന്നെ ഡോ. ഷാങ് ആശുപത്രിക്കു റിപ്പോർട്ട് നൽകി. അവർ അത് ജില്ലയിലെ രോഗപ്രതിരോധ കേന്ദ്രത്തിനു കൈമാറുകയും ചെയ്തു. ചൈനയെയും ലോകത്തെയാകെയും പിടിച്ചുകുലുക്കാൻ പോകുന്ന ഒരു മഹാമാരിയുടെ തുടക്കത്തെക്കുറിച്ചാണ് താൻ റിപ്പോർട്ട് നൽകുന്നതെന്ന് ഡോ. ഷാങ് പ്രതീക്ഷിച്ചില്ല.

റിപ്പോർട്ട് നൽകിയതിനുശേഷം ആശുപത്രിയിലെ ഒരു ഭാഗം അടച്ച് ഈ നാലു രോഗികളെയും പ്രവേശിപ്പിച്ചു. തുടർന്ന് സ്വയം പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ജീവനക്കാർക്കും നിർദ്ദേശം നൽകി. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ സമാനമായ ശ്വാസകോശ അവസ്ഥയോടെ മൂന്നു രോഗികൾ കൂടി എത്തിയതോടെ അധികൃതർ കൂടുതൽ ജാഗ്രതയിലായി.

ഏഴു കേസുകളെക്കുറിച്ചും ചർച്ച ചെയ്യാനായി ഡിസംബർ 29നു വിദഗ്ധ സമിതി രൂപീകരിച്ചു. അസാധാരണമായ സ്ഥിതി വിശേഷമാണെന്ന് സമിതി വിലയിരുത്തി. മറ്റു ആശുപത്രികളിൽ സമാന സ്വഭാവമുള്ള രണ്ടു രോഗികൾ കൂടി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ ആശുപത്രി അധികൃതർ, മുനിസിപ്പൽ, പ്രവിശ്യാ ആരോഗ്യവിഭാഗത്തെയും വിവരം അറിയിച്ചു.

അന്നു തന്നെ പ്രാദേശിക ഭരണകൂടം പകർച്ചവ്യാധി സാദ്ധ്യതയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വുഹാനിൽ പകർച്ചവ്യാധി ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ജിൻയിന്റാൻ ആശുപത്രിയിൽ നിന്നു വിദഗ്ധർ, ഡോ. ഷാങ്ങിന്റെ ആശുപത്രിയിലെത്തി രോഗികളെ പരിശോധിച്ചു. എല്ലാ ഡോക്ടർമാരും നഴ്സുമാരും മാസ്‌ക് ധരിക്കണമെന്ന് ഡോ. ഷാങ് നിർദേശം നൽകി.

അജ്ഞാത കാരണം കൊണ്ടുണ്ടായ ന്യൂമോണിയ നഗരത്തിൽ പടർന്നുപിടിക്കുന്നതായി ഹ്യൂബെ പ്രവിശ്യ സാമൂഹിക സുരക്ഷാ വകുപ്പ് തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഡിസംബർ 30ന് മുന്നറിയിപ്പു നൽകി. പക്ഷേ, ചൈനിൽ രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അപ്പോഴും ചൈന അത് പുറം ലോകം അറിയാതെ മറച്ചുവച്ചു. ഈ മഹാവിപത്തിനെപ്പറ്റി അറിയാതെ.ചൈനയിൽ നിന്ന് വിദേശത്തേക്കും വിദേശത്ത് നിന്ന് ചൈനയിലേക്കും ആൾക്കാർ വരികയും പോവുകയും ചെയ്തു. ലോകം മുഴുവൻ അപ്പോഴേക്കും അത് പടർന്നു കഴിഞ്ഞിരുന്നു.

Vinkmag ad

Read Previous

ബംഗാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പത്ത്‌ലക്ഷം രൂപയുടെ ഇന്‍ഷ്യൂറന്‍സ് പ്രഖ്യാപിച്ച് മമ്മതാ ബാനര്‍ജി; മാധ്യമ പ്രവര്‍ത്തകര്‍ പോസറ്റീവ് വാര്‍ത്തകള്‍ നല്‍കണമെന്നും മന്ത്രി

Read Next

വൈറസ് വ്യാപനം അറിഞ്ഞുകൊണ്ടാണെങ്കിൽ ചൈന പ്രത്യാഘാതം നേരിടേണ്ടിവരും: കടുത്ത മുന്നറിയിപ്പുമായി ട്രംപ്

Leave a Reply

Most Popular