ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ മറവില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ അക്രമണത്തില്‍ ആശങ്കയറിച്ച് 101 മുന്‍ ഉന്നത സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
‘കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ഭയവും അരക്ഷിതത്വവും മുസ്ലിംകള്‍ക്കെതിരെ തിരിച്ചുവിടാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. രാജ്യത്തിന്റെ പൊതുമണ്ഡലത്തില്‍ നിന്നും മുസ്ലിം സമുദായത്തെ മാറ്റി നിര്‍ത്തുകയാണ്. മറ്റുജനവിഭാഗങ്ങളെ സംരക്ഷിക്കാനെന്ന പേരിലാണ് ഇത് നടക്കുന്നത്’ കത്ത് പറയുന്നു.
‘പരസ്പരം സഹായിച്ചും ഒന്നിച്ചു നിന്നും മാത്രമേ നമുക്ക് കോവിഡിന്റെ വെല്ലുവിളികളെ അതിജീവിക്കാനാവൂ. ന്യൂഡല്‍ഹിയിലെ നിസാമുദീനില്‍ നടന്ന തബ്ലീഗി സമ്മേളനത്തിന് ശേഷം മുസ്ലിംകള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അതിക്രമങ്ങളുടെ വാര്‍ത്തകള്‍ വരുന്നുണ്ട്.
ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് നടത്തിയ ആ സമ്മേളനം അപലപിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഒരുവിഭാഗം മാധ്യമങ്ങള്‍ ഈ സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയാണ്. മുസ്ലിം സമുദായത്തെ ഒന്നാകെ ഉത്തരവാദിത്വമില്ലാത്തവരായി വിശേഷിപ്പിച്ച് അധിക്ഷേപിക്കുകയാണ്’വാര്‍ത്താ ഏജന്‍സി പി.ടി.ഐ വഴി പുറത്തുവന്ന തുറന്ന കത്ത് പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 101 മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കത്തിനു പിന്നിലുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുടരുന്നവരല്ലെന്നും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ കത്തെഴുതുന്നതെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.
മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍, മുന്‍ ഐ.പി.എസ് ഓഫീസര്‍മാരായ എ.എസ് ദുലാത്ത്, ജൂലിയോ റിബേറിയോ, മുന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ വാജഹാത് ഹബീബുള്ള, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി എന്നിവര്‍ അടക്കമുള്ള 101 പേരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
