കോവിഡ് പ്രതിരോധത്തിന് അമേരിക്കയുടെ സഹായ വാഗ്ദാനം തള്ളി ഇറാന്‍. കൊവിഡ്-19 പ്രതിരോധത്തിനായി അമേരിക്കയോട് ഒരിക്കലും സഹായം തേടില്ലെന്ന് തീര്‍ത്തു പറഞ്ഞ് ഇറാന്‍. ഇറാന്‍ വിദേശകാര്യ വക്താവ് മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ ഈ മഹാമാരിക്കെതിരെ പോരാടാന്‍ അമേരിക്കയുടെ സഹായം ഇറാന്‍ ഒരിക്കലും ചോദിച്ചിട്ടില്ല, ഇനി ചോദിക്കുകയുമില്ല, എന്നാല്‍ ഇറാനുമേല്‍ ചുമത്തിയിരിക്കുന്ന ഏകപക്ഷീയവും നിയവിരുദ്ധവുമായ എല്ലാ വിലക്കുകളും അമേരിക്ക പിന്‍വലിക്കണം,’- ഇറാന്‍ വിദേശ കാര്യമന്ത്രാലയ പ്രതിനിധി അബ്ബാസ് മൗസവി പറഞ്ഞു. പരസ്പരം ധാരണയുണ്ടാക്കാന്‍ യു.എസ് നിര്‍ബന്ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൊവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ സഹായം വേണ്ടെന്ന് നേരത്തെ ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയും പറഞ്ഞിരുന്നു.
ഇറാനില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 3739 പേരാണ് മരിച്ചത്. 60500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്താന്‍ സാധിക്കുന്നില്ലെന്ന് ഇറാന്‍ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, ഇറാനിലേക്ക് മരുന്ന് അയക്കാന്‍ ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രന്‍സ് എന്നീ രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ട്.
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം10000 ആയി. ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന മൂന്നാമത്തെ രാജ്യമാണ് അമേരിക്ക. 15887 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 13055 മരണങ്ങള്‍ നടന്ന സ്പെയിനാണ് തൊട്ടുപിന്നാലെയുള്ളത്.
