കോവിഡ് വ്യാപനം തടഞ്ഞ് നിർത്താൻ കഴിയാതെ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്ക് രോഗം സ്ഥിരീകരിച്ചു. 407 പേർ മരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണം ഉയരുന്നതോടെ മരണ നിരക്കും കൂടുകയാണ്.
രോഗബാധിതരുടെ എണ്ണത്തിൽ ഓരോ ദിവസംവും റെക്കോർഡ് വർദ്ധനവാണ് ഉണ്ടാകുന്നത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുത്തു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,90,401 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1,89,463 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. 2,85,637 പേർ ഇതുവരെ കോവിഡ് മുക്തരായി.
രാജ്യത്തെ ആകെ കോവിഡ് മരണം 15,000 കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 15,301 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓഗസ്റ്റ് 12 വരെയുള്ള സാധാരണ മെയിൽ, എക്‌സ്‌പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിൻ സർവീസുകൾ റെയിൽവെ റദ്ദാക്കി. ജൂലൈ ഒന്നിനും ഓഗസ്റ്റ് 12 നും ഇടയ്ക്കുള്ള സമയപരിധിയിലുള്ള ട്രെയിനുകൾക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയതായി റെയിൽവേ ബോർഡ് ഉത്തരവിൽ പറയുന്നു. യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായും തിരികെ നൽകുമെന്നും റെയിൽവേ വ്യക്തമാക്കി.
